വാഷിങ്ടൺ : ഇറാനുമായുള്ള സമാധാന കരാർ ചർച്ചകളിൽ യാതൊരുവിധ തിടുക്കവും വേണ്ടെന്ന് യുഎസ് ചർച്ചാ പ്രതിനിധികൾക്ക് കർശന നിർദ്ദേശം നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിൽ അന്തിമ ധാരണയിലേക്ക് അടുക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ട്രംപിന്റെ നിർണായക നീക്കം. ചർച്ചകൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എന്നാൽ ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കൃത്യമായ വ്യവസ്ഥകളോടെ മാത്രമേ കരാർ ഉറപ്പിക്കാവൂ എന്നും ട്രംപ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സമയം അമേരിക്കയ്ക്ക് അനുകൂലമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

യുഎസ് മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം നിലവിൽ പ്രധാനമായും മൂന്ന് വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുന്നത്. 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നീട്ടുക, ഇറാൻ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുക്കുക, ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് തുടർചർച്ചകൾ നടത്തുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.

ഇറാൻ തുറമുഖങ്ങളിൽ യുഎസ് ഏർപ്പെടുത്തിയിട്ടുള്ള കടുത്ത നാവിക ഉപരോധം കരാർ ഒപ്പിടുന്നത് വരെ തുടരുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ആഗോള എണ്ണ വിപണിയെ വൻതോതിൽ സ്വാധീനിക്കുന്ന ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്ന കാര്യത്തിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സൂചിപ്പിച്ചു. പണം ഈടാക്കാതെ കപ്പലുകൾക്ക് കടന്നുപോകാൻ കടലിടുക്ക് പൂർണമായും തുറക്കാനാണ് ചർച്ചകൾ നടക്കുന്നത്.

ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുഎസിലെ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഈ വിഷയത്തിൽ ഭിന്നത രൂക്ഷമായിട്ടുണ്ട്. ഇറാനോട് മൃദുസമീപനം സ്വീകരിക്കുന്നതാണ് പുതിയ കരാറെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിലൂടെ കൈവരിച്ച നേട്ടങ്ങളെല്ലാം താൽക്കാലിക വെടിനിർത്തലിലൂടെ ഇല്ലാതാകുമെന്ന് സെനറ്റർ റോജർ വിക്കർ കുറ്റപ്പെടുത്തി. എന്നാൽ സൈനിക നീക്കത്തിലൂടെ ഇറാന്റെ ശേഷി തകർത്തതുകൊണ്ടാണ് അവർ ഇപ്പോൾ യഥാർത്ഥ ചർച്ചയ്ക്ക് തയ്യാറായതെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.

പാകിസ്ഥാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ മധ്യസ്ഥതയിലാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കിയ ഇറാൻ വിദേശകാര്യ മന്ത്രാലയം, എന്നാൽ പ്രധാന വിഷയങ്ങളിൽ പൂർണമായ ധാരണയിൽ എത്തിയിട്ടില്ലെന്നും അറിയിച്ചു. ഇറാന്റെ പക്കലുള്ള 440 കിലോഗ്രാം ഉയർന്ന ശേഷിയുള്ള യുറേനിയം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് സൂചന.