ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുകയാണ്‌. ഇത്‌ വനങ്ങളിൽമാത്രം ഒതുങ്ങുന്നില്ല. നഗരങ്ങൾക്കും മറ്റ്‌ ജനവാസ കേന്ദ്രങ്ങൾക്കും ഭീഷണിയായി മാറുകയാണ്‌. വീടുകളടക്കം നിരവധി കെട്ടിടങ്ങൾ കത്തിനശിച്ചു. ജീവഹാനിയുമുണ്ട്‌. ഇരു രാജ്യങ്ങളിലുമായി ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റി. തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.

തീയുടെ വ്യാപ്തി മാത്രമല്ല, ഇതുവഴി ഉയരുന്ന പുകസ്തംഭം ഇടിമേഘമായി വളർന്ന് മിന്നലും ശക്തമായ കാറ്റും സൃഷ്ടിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. കാട്ടുതീ സ്വന്തം കാലാവസ്ഥ സൃഷ്ടിക്കുന്ന ഈ അപൂർവ പ്രതിഭാസമാണ് പൈറോക്യൂമിലോനിമ്പസ്‌ . ഫ്രാൻസിൽ ഇത്തരമൊരു പ്രതിഭാസം ആദ്യമായി രേഖപ്പെടുത്തിയിരിക്കുകയാണ്‌.



തീയുടെ ചൂടിൽനിന്ന്‌ ഇടിമേഘം എങ്ങനെ രൂപപ്പെടുന്നു. രൂപപ്പെട്ടുകഴിഞ്ഞാൽ ആ മേഘം വീണ്ടും തീയുടെ സ്വഭാവത്തെ എങ്ങനെ മാറ്റുന്നു. യൂറോപ്പിൽ ഇപ്പോൾ അനുഭവപ്പെടുന്ന അസാധാരണ ചൂടിനും വരൾച്ചയ്‌ക്കും ഇത്തരം തീ–അന്തരീക്ഷ ഇടപെടലുകൾക്കുള്ള ബന്ധമെന്താണ്‌. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുമ്പോഴാണ് പൈറോസിബി (PyroCb)യുടെ പ്രാധാന്യം. സാധാരണയായി ഇടിമേഘം രൂപപ്പെടുന്നത് അന്തരീക്ഷത്തിലെ ശക്തമായ സംവഹനത്തിലൂടെയാണ്.

എന്നാൽ കാട്ടുതീയുടെ മുകളിൽ രൂപപ്പെടുന്ന പൈറോസിബി-യുടെ തുടക്കം വ്യത്യസ്തമാണ്. ഇവിടെ സംവഹനത്തിന്‌ തുടക്കം കുറിക്കുന്ന പ്രധാന ഊർജസ്രോതസ്സ്‌ കത്തുന്ന കാടാണ്. കാട്ടുതീ അന്തരീക്ഷത്തിലേക്ക്‌ വൻതോതിൽ താപോർജം പകരുമ്പോൾ അതിന്റെ മുകളിലെ വായു ശക്തമായി ചൂടാകുകയും ഉയരുകയും ചെയ്യുന്നു. അതിനൊപ്പം പുകയും ജലബാഷ്പവും ചാരവും സൂക്ഷ്മകണങ്ങളും മുകളിലേക്ക്‌ ഉയരും.

ഇത്‌ ശക്തമാകുമ്പോൾ പുകസ്തംഭം കൂടുതൽ ഉയരത്തിലേക്ക്‌ വളരും. മുകളിലെത്തുമ്പോൾ അതിനുള്ളിലെ ജലബാഷ്പം തണുത്ത് ഘനീഭവിച്ച് ആദ്യം ഒരു പൈറോകുമിലസ്‌ മേഘം രൂപപ്പെടാം. കാട്ടുതീയുടെ തീവ്രതയ്ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും അസ്ഥിരതയും കാറ്റും അനുകൂലമായാൽ ഈ മേഘം കൂടുതൽ ഉയർന്ന് ഇടിമിന്നൽ സൃഷ്ടിക്കാൻ കഴിയുന്ന ക്യൂമുലോനിംബസ്‌ മേഘമായി വളരും.

അപ്പോഴാണ് അത് പൈറോക്യൂമിലോനിമ്പസ്‌ (പൈറോസിബി) ആകുന്നത്. ഇതിനെ- കാട്ടുതീയുടെ മുകളിൽ രൂപപ്പെടുന്ന മറ്റൊരു മേഘമായിമാത്രം കാണാനാകില്ല. തീയുടെ താപോർജം അന്തരീക്ഷത്തെ ശക്തമായി ഉത്തേജിപ്പിക്കുകയും ആ അന്തരീക്ഷ പ്രതികരണം വീണ്ടും തീയുടെ സ്വഭാവത്തെ മാറ്റുകയും ചെയ്യുന്ന സങ്കീർണമായ തീ–അന്തരീക്ഷ സംവിധാനമാണത്.

എന്നാൽ എല്ലാ കാട്ടുതീയും പൈറോസിബി ഉണ്ടാക്കില്ല. തീ ശക്തമായി കത്തുന്നതിനൊപ്പം അതിനുമുകളിലെ അന്തരീക്ഷവും അതിന്റെ വളർച്ചയ്‌ക്ക്‌ അനുകൂലമായിരിക്കണം. ഓസ്ട്രേലിയ, കാനഡ, ബ്രസീൽ, ബൊളീവിയ തുടങ്ങിയ മേഖലകളിലും പൈറോസിബി മുമ്പ് റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.



പൈറോസിബി രൂപപ്പെട്ട്‌ കഴിഞ്ഞാൽ അത്‌ തിരിച്ച്‌ കാട്ടുതീയുടെ സ്വഭാവത്തെയും മാറ്റിമറിക്കും. മേഘത്തിനുള്ളിൽ രൂപപ്പെടുന്ന ശക്തമായ താഴേക്കുള്ള വായുപ്രവാഹം ഭൂതലത്തിനടുത്ത് പെട്ടെന്ന് കാറ്റ് ശക്തിപ്പെടുത്തുകയും ചെയ്യും. ഈ കാറ്റിന്‌ കാട്ടുതീയുടെ ദിശയും വേഗവും പെട്ടെന്ന് മാറ്റാനാകും. ഇതോടെ തീയുടെ ദിശ പ്രവചിക്കുക അസാധ്യമാകും.

പൈറോസിബി ഒരു യഥാർഥ ഇടിമിന്നൽ മേഘമായതിനാൽ അതിനുള്ളിൽ വൈദ്യുതചാർജുകളുടെ വേർതിരിവ് നടക്കുകയും മിന്നൽ ഉണ്ടാകുകയും ചെയ്യാം. തീപിടിച്ച പ്രദേശത്തിന്‌ പുറത്തുള്ള വരണ്ട സസ്യാവശിഷ്ടങ്ങളിൽ മിന്നൽ പതിച്ചാൽ പുതിയ തീപിടിത്തങ്ങൾ ഉണ്ടാകാം. തീയിൽനിന്നുയരുന്ന കത്തുന്ന കണങ്ങളും തീക്കനലുകളും ശക്തമായ കാറ്റിനൊപ്പം ദൂരത്തേക്ക്‌ സഞ്ചരിച്ച് പുതിയ തീമുഖങ്ങൾ സൃഷ്ടിക്കാനുമാകും.

അതുകൊണ്ടുതന്നെ ഇത്തരം തീപിടിത്തം നിയന്ത്രിക്കാനും അതിന്റെ മുന്നേറ്റം മുൻകൂട്ടി പ്രവചിക്കാനും സാധാരണ കാട്ടുതീയേക്കാൾ ബുദ്ധിമുട്ടാണ്. സ്പെയിനും പോർച്ചുഗലും ഉൾപ്പെടുന്ന തെക്കുപടിഞ്ഞാറൻ യൂറോപ്പിലെ വരണ്ട സാഹചര്യം കാട്ടുതീയുടെ തീവ്രത കൂട്ടി. ചൂടും വരൾച്ചയും ഒരുമിച്ചെത്തിയതാണ് -ഫ്രാൻസിലും സ്പെയിനിലും കാട്ടതീയുടെ വ്യാപനത്തിന് അനുകൂലമായത്‌.