വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് അടച്ചിടുകയാണെന്ന് അറിയിച്ചതിന് പിന്നാലെ ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക. തുറമുഖ നഗരമായ ജാസ്കിൽ ഉള്‍പ്പെടെ സ്‌ഫോടനമുണ്ടായി. ബുഷഹെര്‍ പ്രവിശ്യയില്‍ 12 സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനുനേരെ മൂന്നാംഘട്ട ആക്രമണം ആരംഭിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനുളള ഇറാന്റെ ശേഷി ഇല്ലാതാക്കുമെന്ന് യുഎസ് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ സൈപ്രസ് പതാകയുളള കണ്ടെയ്‌നര്‍ കപ്പലിന്റെ എന്‍ജിന്‍ റൂമിന് ഗുരുതരമായ കേടുപാടുകളുണ്ടായി എന്നും ഒരു കപ്പല്‍ ജീവനക്കാരനെ കാണാതായി എന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ ഗൾഫ് രാഷ്ട്രങ്ങളിൽ ആക്രമണം നടത്തി. യുഎഇയിലും ഖത്തറിലും കുവൈറ്റിലുമാണ് ഇറാന്റെ ആക്രമണമുണ്ടായത്. ബഹ്റൈനിൽ സൈറൺ മുഴങ്ങി. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്ന് ഖത്തർ ജനങ്ങൾക്ക് നിർദേശം നൽകി. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പ്രതിരോധിക്കുന്നു എന്ന് കുവൈറ്റ് അറിയിച്ചു. മിസൈൽ ആക്രമണം തടഞ്ഞതായി ഖത്തറും വ്യക്തമാക്കി. ജോർദാനിലെ പ്രിൻസ് ഹസ്സൻ വ്യോമതാവളം ആക്രമിച്ചെന്നും ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ആക്രമണം നടത്തിയെന്നും ഇറാൻ അവകാശപ്പെടുന്നു.