തെഹ്‌റാൻ: ഇറാനെതിരെ പ്രഖ്യാപിച്ച വൻ സൈനിക ആക്രമണത്തിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് താൽക്കാലികമായി പിന്മാറിയെങ്കിലും തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ വ്യക്തതയായില്ല. ജലപാതയിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ഇതുവരെ അന്തിമ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല.
ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐ.ആർ.ജി.സി) ബന്ധമുള്ള ഫാർസ് വാർത്താ ഏജൻസി പുറത്തുവിട്ട വിവരമനുസരിച്ച്, ഞായറാഴ്ച ഉച്ചയോടെ ഇറാൻ ജലാതിർത്തിയിലെ വടക്കൻ കോറിഡോറിൽ നിരവധി കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഇറാന്റെ സായുധ സേന അനുമതി നൽകിയാൽ മാത്രമേ ഈ കപ്പലുകൾക്ക് യാത്ര തുടരാനാകൂ. ഒമാന്റെ പ്രാദേശിക ജലാതിർത്തിയിലൂടെയുള്ള തെക്കൻ സമുദ്ര കോറിഡോറിനും ഇത് ബാധകമാണെന്ന് ഇറാനിയൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു കരാറിന്റെ പ്രാഥമിക ചട്ടക്കൂട് അംഗീകരിച്ചതിനെത്തുടർന്ന് ഇറാന്റെയും പ്രാദേശിക രാജ്യങ്ങളുടെയും അഭ്യർഥന മാനിച്ചാണ് ആക്രമണത്തിൽനിന്ന് പിന്മാറിയതെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് ഉടനടി പൂർണമായും തുറന്നുകൊടുക്കലും ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കലും ഉൾപ്പെടുന്നതായിരിക്കും വരാനിരിക്കുന്ന കരാറെന്നും ട്രംപ് അവകാശപ്പെട്ടു.
എന്നാൽ, ട്രംപിന്റെ പ്രസ്താവന കേവലം മനഃശാസ്ത്ര യുദ്ധവും മാനസിക തന്ത്രങ്ങളുടെ ഭാഗവുമാണെന്ന് ഇറാന്റെ താൽക്കാലിക പ്രതിരോധ മന്ത്രി മജീദ് ഇബ്നു റസാ പ്രതികരിച്ചു. ഓരോ ഭീഷണിയെയും ഗൗരവത്തോടെയാണ് ഇറാൻ സൈന്യം കാണുന്നതെന്നും പെട്ടെന്നുള്ള നീക്കങ്ങളിൽ ഞെട്ടിപ്പോകുകയോ നിഷ്ക്രിയരാകുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈദ്യുതി നിലയങ്ങളും പെട്രോകെമിക്കൽ നിർമാണ ശാലകളും ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ വാഷിങ്ടൺ ആക്രമണം നടത്തിയാൽ, മേഖലയിലെ അമേരിക്കൻ താൽപര്യങ്ങൾക്ക് നേരെ തിരിച്ചടി നൽകുമെന്ന് ഇറാന്റെ യുദ്ധകാല സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകി.