ഫോസ്റ്റർ കെയറിലെ പെൺകുട്ടികളെ പീഡിപ്പിച്ച പ്രതിക്ക് തടവും പിഴയും

തലശ്ശേരി: സംരക്ഷണത്തിനായി സർക്കാർ ഏൽപ്പിച്ച പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും പീഡനവിവരം പുറത്തറിയാതിരിക്കാൻ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് കഠിനശിക്ഷ .കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി സി.ജി. ശശികുമാറിനെയാണ് തലശ്ശേരി അതിവേഗ പോക്സോ കോടതി 51 വർഷം കഠിനതടവിനും 1,19,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതിയായ ശശികുമാറിന്റെ ഭാര്യ രത്നകുമാരിയെ കോടതി വെറുതെ വിട്ടു.

2016-ൽ എറണാകുളം സി.ഡബ്ല്യു.സി (CWC) വഴിയാണ് പെൺകുട്ടിയെ പ്രതികൾ ഫോസ്റ്റർ കെയർ പ്രകാരം ദത്തെടുത്തത്. സ്വന്തം വീട്ടിൽ താമസിപ്പിച്ച് കഠിനമായ വീട്ടുജോലികൾ ചെയ്യിപ്പിച്ചും ലൈംഗികമായി പീഡിപ്പിച്ചുമായിരുന്നു ക്രൂരത. പീഡനത്തെത്തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ഗർഭച്ഛിദ്രത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പ്രതികൾ കുട്ടിയുടെ വയറ്റിൽ വെട്ടുകല്ല് കയറ്റിവെച്ച് രക്തസ്രാവമുണ്ടാക്കി ഗർഭം അലസിപ്പിക്കുകയായിരുന്നു.

2018-ൽ അതിജീവിതയുടെ സഹോദരിയെയും വീട്ടിലെത്തിച്ച് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടികൾക്ക് നൽകിയ കൗൺസലിംഗിലാണ് പുറംലോകമറിയാത്ത ഈ ക്രൂരതകൾ വെളിപ്പെട്ടത്. രണ്ട് പോക്സോ കേസുകളിലായിട്ടാണ് ശശികുമാറിന് ശിക്ഷ വിധിച്ചത്. പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു. തെളിവ് നശിപ്പിക്കാൻ ആശുപത്രി രേഖകളും മരുന്നിന്റെ കുറിപ്പടികളും പ്രതികൾ നശിപ്പിച്ചിരുന്നു. കൂത്തുപറമ്പ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണമാണ് 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനും പ്രതിക്ക് ശിക്ഷ ഉറപ്പാക്കാനും സഹായിച്ചത്.

ശശികുമാറിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണി നിലനിന്നിരുന്നതിനാൽ വർഷങ്ങൾക്ക് ശേഷമാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.