തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഓഫീസുകളിലെത്തി ചുമതലയേറ്റു. നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രി വി.ഡി സതീശന്റെയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസ്. ഇതേ ബ്ലോക്കിലെ രണ്ടാംനിലയിലാണ് രമേശ് ചെന്നിത്തലയുടെ ഓഫീസ് പ്രവർത്തിക്കുക. നേരത്തെ മന്ത്രിമാർ ആയിരുന്ന മുതിർന്ന നേതാക്കൾ നേരത്തെ ഉപയോഗിച്ചിരുന്ന ഓഫീസ് തന്നെയാണ് ആവശ്യപ്പെട്ടത്. ആദ്യത്തെ മന്ത്രിസഭാ യോഗം അൽപസമയത്തിനകം നടക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത‌ത്. പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി ജോൺ എ.പി അനിൽ കുമാർ, എൻ ഷംസുദ്ദീൻ, പി.സി വിഷ്ണുനാഥ്, റോജി എം.ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം ഷാജി, പി.കെ ബഷീർ, വി.ഇ അബ്‌ദുൽ ഗഫൂർ, ടി സിദ്ദിഖ്, കെ.എ തുളസി, ഒ.ജെ ജനീഷ് എന്നിവരാണ് യഥാക്രമം സത്യപ്രതിജ്ഞ ചെയ്തത്.

സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാർ ഗവർണറുടെ ചായസൽക്കാരത്തിലും പങ്കെടുത്തു.

ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് മുഖ്യമന്ത്രിമാർ, മുൻ മുഖ്യമന്ത്രി, പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ചടങ്ങിനെത്തി. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ ആയിരങ്ങളാണെത്തിയത്.