മാനന്തവാടി :  വയനാട് മാനന്തവാടി സബ് ജയിലിൽ റിമാൻഡിൽ കഴിയവേ ജീവനൊടുക്കാൻ ശ്രമിച്ച പ്രതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വെള്ളമുണ്ടയിലെ വീട്ടിൽ നടന്ന മോഷണക്കേസിലെ പ്രതിയും ത്രിശ്ശിലേരി സ്വദേശിയുമായ പ്രിയ (42) ആണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെയോടെയാണ് മാനന്തവാടി സബ് ജയിലിലെ ശുചിമുറിക്കുള്ളിൽ പ്രിയയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ജയിൽ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇവരെ പുറത്തെടുത്ത് മാനന്തവാടി വയനാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില അതീവ ഗുരുതരമായി തുടർന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

പ്രിയ ജോലി ചെയ്തിരുന്ന വീട്ടുതടത്തിൽ നിന്ന് വിലപിടിപ്പുള്ള സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് വെള്ളമുണ്ട പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ ചോദ്യം ചെയ്യലിനും പ്രാഥമിക തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മാനന്തവാടി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ജയിലിനുള്ളിൽ വെച്ച് പ്രിയ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് വിവരം.

സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും മൃതദേഹ പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും