കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്‌ടർമാരുടെ ആർത്തവ അവധിയിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം. പ്രതിമാസം രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വനിതാ കണ്ടക്ടർമാർക്ക് പ്രതിദിനം എട്ട് മുതൽ 16 മണിക്കൂർ വരെ ദീർഘനേരം നിന്ന് ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും, തിരക്കേറിയ ബസുകളിലെ ജോലി കാരണം ആർത്തവ ദിനങ്ങളിൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

ബീഹാർ, ഒഡീഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് സമാനമായ രീതിയിൽ ആർത്തവാവധി ലഭിക്കുന്നുണ്ടെന്ന കാര്യവും ഹരജിയിൽ പറയുന്നു.

ഈ ഹരജിയിലാണ് മൂന്ന് മാസത്തിനകം സർക്കാരോട് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം.