ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർക്കെതിരെ ക്രൈം ബ്രാഞ്ച് വധശ്രമക്കുറ്റം ചുമത്തി. കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിലെത്തിയ സമയത്ത് പുതിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിരുന്നില്ല. ഇതിൽ കോടതി അന്വേഷണ സംഘത്തെ വിമർശിക്കുകയും ചെയ്തിരുന്നു.

അഞ്ച് പേരെയാണ് കേസിൽ എസ്.ഐ.ടി പ്രതി ചേർത്തിരിക്കുന്നത്. ഗൺമാൻ അനിലും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും ഇതിലുൾപ്പെടുന്നു. പ്രതികളെ സംരക്ഷിക്കാൻ അന്ന് സുരക്ഷാ ചുമതല ഉണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആദ്യ കേസ് ഡയറി തിരുത്തിയെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു.