കോഴിക്കോട്: കൊയിലാണ്ടിയിൽ പെട്രോൾ പമ്പിലെ സംഭരണിയലേക്ക് ഇന്ധനം പകരുന്നതിനിടെ പെട്രോൾ ഓവർഫ്ലോ ആയി പുറത്തേക്ക് ഒഴുക്കിയത് പ്രദേശത്ത് വൻ പരിഭ്രാന്തി പരത്തി. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള 'ജയേഷ് പെട്രോൾ പമ്പിൽ' ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ടാങ്കർ ലോറിയിൽ നിന്നും പമ്പിലെ ഭൂഗർഭ ടാങ്കിലേക്ക് പെട്രോൾ മാറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇന്ധനം കവിഞ്ഞൊഴുകിയത്.

​റോഡരികിലും ബസ് സ്റ്റാൻഡിന് സമീപവുമുള്ള തിരക്കേറിയ പമ്പായതിനാൽ ഇന്ധനം പരന്നൊഴുകിയത് വലിയ രീതിയിൽ ആശങ്കയ്ക്ക് കാരണമായി. ഉടൻ തന്നെ പമ്പ് അധികൃതർ കൊയിലാണ്ടി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് മിനിറ്റുകൾക്കകം സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന യുദ്ധകാലാടിസ്ഥാനത്തിൽ സുരക്ഷാ നടപടികൾ ആരംഭിച്ചു. പെട്രോളിന്റെ തീപിടിത്ത സാധ്യതയും തീവ്രതയും കുറയ്ക്കുന്നതിനായി പ്രത്യേക കെമിക്കൽ ലോഷനും സോപ്പുപൊടിയും ചേർത്ത വെള്ളം ശക്തമായി പമ്പ് ചെയ്താണ് ഇന്ധനം പമ്പ് പരിസരത്ത് നിന്ന് നീക്കം ചെയ്തത്.