കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപികയായിരുന്ന മൊകേരി വള്ളങ്ങാട് സ്വദേശിനി ആദിത്യ അനല്‍കുമാര്‍ (28) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന ആണ്‍സുഹൃത്ത് പന്ന്യന്നൂര്‍ മനേക്കര സ്വദേശി ശരണ്‍ പിടിയില്‍. യുവാവിന്റെ ക്രൂരമായ ശാരീരിക മര്‍ദനവും കടുത്ത മാനസിക പീഡനവുമാണ് യുവതിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പോലീസ് നടപടി.

കഴിഞ്ഞ ഞായറാഴ്ചയാണ് ആദിത്യയെ വീടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും, തുടര്‍ന്ന് ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ ആദിത്യ മരണത്തിന് കീഴടങ്ങുകയായിരുന്നു. അനല്‍ കുമാറാണ് മരണപ്പെട്ട ആദിത്യയുടെ പിതാവ്, അദ്വൈത് സഹോദരനാണ്.

പ്രണയം നടിച്ച് വഞ്ചിക്കുകയും തനിക്കെതിരെ ക്രൂരമായ പീഡനങ്ങള്‍ അഴിച്ചുവിടുകയും ചെയ്ത ശരണിന്റെ പ്രവര്‍ത്തികള്‍ ആദിത്യയ്ക്ക് കടുത്ത മാനസികാഘാതമാണ് ഉണ്ടാക്കിയത്. ജൂണ്‍ എട്ടാം തീയതി തലശ്ശേരിയില്‍ വെച്ച് ശരണ്‍ തന്നെ പരസ്യമായി ക്രൂരമായി മര്‍ദിച്ച വിവരം ആദിത്യ വീട്ടിലെത്തി അമ്മയോടും മറ്റ് ബന്ധുക്കളോടും തുറന്നുപറഞ്ഞിരുന്നു. ശരണിന്റെ നിരന്തരമായ പീഡനം താങ്ങാനാകാതെയാണ് താന്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആദിത്യ അമ്മയോട് വെളിപ്പെടുത്തിയിരുന്നു.

മകള്‍ക്ക് നേരെ നടന്ന മര്‍ദനത്തെക്കുറിച്ച് ആദിത്യയുടെ അമ്മ നല്‍കിയ കൃത്യമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആദിത്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ ശരണ്‍ ഇപ്പോള്‍ പോലീസിന്റെ വലയിലായത്.