കോഴിക്കോട്: പാളയം ചിന്താവളപ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ മകളെ ബംഗളൂരുവിലേക്ക് യാത്രയാക്കാൻ എത്തിയ പിതാവിനെയും പെൺമക്കളെയും സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 9.50ന് ചിന്താവളപ്പ് നൈറ്റ് സർവീസ് ബസ് സ്റ്റാൻഡിലാണ് സംഭവം. ബംഗളൂരുവിലേക്ക് 'ഇന്റർസിറ്റി' ബസിൽ റിസർവേഷനെടുത്ത മകളെയും സഹോദരിയെയും യാത്രയാക്കാൻ എത്തിയ കൂടത്തായി സ്വദേശി സത്യപാലൻ (67) നാണ് മർദ്ദനമേറ്റത്.
ബാഗും മറ്റ് സാധനങ്ങളും കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബുക്കിങ് കേന്ദ്രത്തിലെ ജീവനക്കാർ സത്യപാലനെ മക്കളുടെ മുന്നിൽ വെച്ച് അടിച്ച് റോഡിലിട്ടു. പെൺകുട്ടികളോട് അസഭ്യം പറയുകയും ചെയ്തു.
ബഹളം കേട്ട് സമീപത്തെ മറ്റ് ബസ് ബുക്കിങ് സെന്ററുകളിലെ ജീവനക്കാരും ഡ്രൈവർമാരും ഓടിക്കൂടി. ചോരയൊലിച്ച് കിടന്ന സത്യപാലനെ എഴുന്നേൽപ്പിച്ചെങ്കിലും ജീവനക്കാർ വീണ്ടും മർദ്ദിച്ചു. ഇതേ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ പ്രതികളായ ജീവനക്കാരെ പിടികൂടി കയ്യേറ്റം ചെയ്തു.
വിവരമറിഞ്ഞ് കസബ പൊലീസ് സ്ഥലത്തെത്തി രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. നേരത്തെയും ഈ ബസ് സർവീസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്ന് മറ്റ് ബസ് ഓപ്പറേറ്റർമാരിലെ ജീവനക്കാർ പൊലീസിനോട് പറഞ്ഞു.
ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെയാണ് സ്ഥലത്തെ സംഘർഷാവസ്ഥ അയഞ്ഞത്.