കോഴിക്കോട് :ജില്ലാ മെഡിക്കൽ ഓഫിസറുടെ തസ്തികയിൽ രണ്ടാഴ്ചയായി ഒഴിഞ്ഞുകിടക്കുന്നു. ജില്ലാ മെഡിക്കൽ ഓഫിസറായിരുന്ന ഡോ. കെ.കെ.രാജാറാം കഴിഞ്ഞ 31ന് വിരമിച്ചതിനെ തുടർന്നു പകരം ആളെ നിയമിച്ചിട്ടില്ല. രണ്ട് അഡിഷനൽ ഡിഎംഒമാരിൽ ഒരാളാണ് ഡിഎംഒയുടെ ചുമതല വഹിക്കുന്നത്. നാഷനൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ചുമതലയും ഡിഎംഒയാണു വഹിക്കുന്നത്. ഓഗസ്റ്റ് 31ന് വിരമിക്കുന്നതിനു മുന്നോടിയായി, ഡപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. മനോജ് കഴിഞ്ഞ മാർച്ച് ഒന്നു മുതൽ അവധിയിലാണ്.
ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസറുടെ ഒഴിവും 4 മാസമായി നികത്തിയിട്ടില്ല. നിപ്പ റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചാണ് ജില്ലാ മെഡിക്കൽ ഓഫിസ് മുന്നോട്ടു പോകുന്നത്. ഇതിനു പുറമേയാണ് ഷിഗെല്ല, മഞ്ഞപ്പിത്തം തുടങ്ങിയ മറ്റു പകർച്ചവ്യാധികളും. ഡിഎംഒ തസ്തികയിൽ ഉൾപ്പെടെ അടിയന്തര നിയമനം നടത്തണമെന്നാണ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.