പനമരം: എവറസ്റ്റിന്റെ നെറുകയില്‍ ഇന്ത്യന്‍ പതാക പാറിച്ച് വയനാട്ടുകാരി. പനമരത്തെ വൈശ്യമ്പത്ത് സുഹറ സിറാജാണ് സ്വപ്‌നനേട്ടം കൈവരിച്ചത്. വര്‍ഷങ്ങളായുള്ള പരിശീലനവും നിശ്ചയദാര്‍ഢ്യവും വെല്ലുവിളികളെ അതിജീവിച്ചുമാന് മനക്കരുത്തിനാല്‍ സുഹറ ചരിത്രത്തില്‍ ഇടം നേടിയത്.
മഞ്ചേരിയില്‍ ജനിച്ച സുഹറ, പനമരം വൈശ്യമ്പത്ത് സിറാജിന്റെ ഭാര്യയാണ്. രണ്ട് കുട്ടികളുടെ മാതാവായ ഈ നാല്‍പ്പതുകാരി കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി പര്‍വതങ്ങളെ കാല്‍ക്കീഴിലാക്കുകയാണ്. കുടുംബ ജീവിതത്തിന്റെയും മാതൃത്വത്തിന്റെയും ഉത്തരവാദിത്തങ്ങള്‍ക്ക് ഇടയിലും സാഹസിക സ്വപ്നങ്ങളെ കൈവിടാതെ മുന്നേറിയതാണ് സുഹറയുടെ വിജയത്തിന്റെ പ്രത്യേകത.
മലകയറ്റം ഒരു വിനോദമല്ല, അതിജീവനത്തിന്റെ പരീക്ഷണമാണ്, കഠിനമായ പരിശീലനവും ശാരീരികമാനസിക തയ്യാറെടുപ്പുകളും അനേകം ത്യാഗങ്ങളുമാണ് സുഹറയെ എവറസ്റ്റിന്റെ കൊടുമുടിയിലെത്തിച്ചത്. പ്രശസ്തമായ എലൈറ്റ് എക്‌സ്‌പെഡിഷന്‍ ഏജന്‍സിക്കൊപ്പമായിരുന്നു എവറസ്റ്റ് ദൗത്യം. 8,848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കീഴടക്കുക എന്നത് മനുഷ്യന്റെ സഹനശേഷിയെ പരമാവധി പരീക്ഷിക്കുന്ന വെല്ലുവിളിയാണ്.
ഓക്‌സിജന്റെ കുറവ്, കൊടുംതണുപ്പ്, ശക്തമായ കാറ്റ്, അപകടകരമായ മഞ്ഞുപാളികള്‍ തുടങ്ങി നിരവധി പ്രതിസന്ധികളാണ് ഓരോ ചുവടിലും മലകയറ്റക്കാരെ കാത്തിരിക്കുന്നത്. എന്നാല്‍, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സുഹറ തന്റെ ലക്ഷ്യത്തിലെത്തി. ഇതോടെ നിരവധി യുവതികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതിയ സ്വപ്നങ്ങള്‍ കാണാനുള്ള പ്രചോദനമാണ് സുഹറ പകര്‍ന്ന് നല്‍കിയത്.