ഇന്തോനേഷ്യയിൽ പർവ്വതാരോഹണത്തിനിടെയുണ്ടായ അപ്രതീക്ഷിത അഗ്നിപർവ്വത സ്‌ഫോടനത്തിൽ വിദേശികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. നോർത്ത് മലുക്കു ദ്വീപിലെ ഡുകോണോ പർവ്വതത്തിലാണ് ദുരന്തമുണ്ടായത്. സ്‌ഫോടനത്തെത്തുടർന്ന് പർവ്വതമുകളിൽ കുടുങ്ങിയ നിരവധി സഞ്ചാരികളെ പിന്നീട് സാഹസികമായാണ് രക്ഷപ്പെടുത്തിയത്.

പ്രാദേശിക സമയം രാവിലെ 7:41-ഓടെയാണ് പർവ്വതാരോഹകർ മുകളിലേക്ക് കയറുന്നതിനിടെ സ്ഫോടനമുണ്ടായത്. നിമിഷങ്ങൾക്കകം പുകയും ചാരവും ആകാശത്തേക്ക് 10 കിലോമീറ്ററോളം ഉയരത്തിൽ വ്യാപിച്ചു. ഗർത്തത്തിൽ നിന്ന് കല്ലുകളും അഗ്നിപർവ്വത അവശിഷ്ടങ്ങളും തുടർച്ചയായി പുറത്തേക്ക് തെറിച്ചുവീണത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.

കൊല്ലപ്പെട്ടവരിൽ രണ്ട് സിംഗപ്പൂർ സ്വദേശികളും ഒരു ഇന്തോനേഷ്യൻ പൗരനും ഉൾപ്പെടുന്നു. പരിക്കേറ്റ പലരെയും താഴെയെത്തിച്ച് ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റി.

ഡുകോണോ പർവ്വതത്തിൽ പ്രവേശിക്കരുതെന്ന് അധികൃതർ നേരത്തെ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ മാർച്ചിന് ശേഷം ഇരുന്നൂറിലധികം തവണയാണ് ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഈ വിലക്ക് വകവെയ്ക്കാതെ മല കയറിയ 20 പർവ്വതാരോഹകരാണ് അപകടത്തിൽപ്പെട്ടത്.

സംഭവസമയത്ത് പർവ്വതത്തിലുണ്ടായിരുന്ന ഒരു ഗൈഡ് നൽകുന്ന വിവരമനുസരിച്ച്, ഗർത്തത്തിന് തൊട്ടരികിൽ നിന്ന് ഡ്രോൺ വീഡിയോ ചിത്രീകരിക്കുകയായിരുന്ന സംഘവും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നു. സ്‌ഫോടനത്തിന് മുൻപ് ഭൂമിക്കടിയിൽ നിന്ന് ശക്തമായ വിറയൽ അനുഭവപ്പെട്ടതായും ദൃക്‌സാക്ഷികൾ പറയുന്നു.

മുന്നറിയിപ്പ് നിലനിൽക്കെ പർവ്വതാരോഹകർ എങ്ങനെ മലമുകളിലെത്തി എന്നതിനെക്കുറിച്ച് നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. മുന്നറിയിപ്പ് ലംഘിക്കുന്നവരെ തടയാൻ അധികൃതർ കാര്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെന്ന് ആരോപണമുണ്ട്.

പസഫിക് സമുദ്രത്തിലെ 'റിംഗ് ഓഫ് ഫയർ' മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യ, ലോകത്തിലെ തന്നെ ഏറ്റവും സജീവമായ അഗ്നിപർവ്വത മേഖലകളിലൊന്നാണ്. ഡുകോണോയിലെ ഗർത്തത്തിൽ നിന്ന് ഇപ്പോഴും ചാരവും അവശിഷ്ടങ്ങളും പുറന്തള്ളുന്നത് തുടരുന്നതിനാൽ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.