ഗൂഡല്ലൂർ: തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ക്രൂരമായ ആക്രമണത്തിൽ 14 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത് ഇന്ന് വൈകിട്ട് എട്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ഗൂഡല്ലൂർ ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് മിസ്ഹബ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന കൗമാരക്കാരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിസ്ഹബ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.
ഗൂഡല്ലൂർ മേഖലയിൽ വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ വനംവകുപ്പ് പരാജയപ്പെടുന്നു എന്നാരോപിച്ച് പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. നാല് ദിവസം മുൻപാണ് ഇതേ മേഖലയിൽ മറ്റൊരു ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആ ആഘാതം മാറും മുൻപാണ് ഇപ്പോൾ ഒരു വിദ്യാർത്ഥിയുടെ ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നത്."