കൊച്ചി: മോഡലിങ്ങിൻ്റെ മറവിലെ മനുഷ്യക്കടത്തും പീഡനവും നടത്തിയ കേസിൽ അന്വേഷണം സിനിമ-സീരിയൽ താരങ്ങളിലേക്ക്. മുഖ്യപ്രതി സിന്ധുവിന്റെ മകളുടെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുമായി ചില താരങ്ങൾക്ക് ബന്ധമുണ്ടെന്നാണ് വിവരം. സെക്സ് റാക്കറ്റുമായി താരങ്ങൾക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കും. ഇരകളെ നിർബന്ധിപ്പിച്ച് നാട്ടിലേക്ക് സ്വർണം കടത്തിയെന്നും സംശയമുണ്ട്.
സിന്ധുവാണ് ദുബൈയിൽ ഫാഷൻ ഷോ ഉണ്ടെന്ന് തെറ്റിധരിപ്പിച്ച് മോഡലുകൾക്ക് വിസ സൗകര്യങ്ങൾ നൽകിയത്. മോഡലിങ് പരിശീലനം, ജോലി, ദുബായ് വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലിൽ താമസം, വിനോദ യാത്ര എന്നിവ വാഗ്ദാനം ചെയ്താണ് യുവതികളെ പ്രലോഭിപ്പിക്കുന്നത്.
ഇനിയും പിടികൂടാനുള്ള രണ്ടു പേരെയും നാട്ടിൽ എത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. കൂടുതൽ പരാതിക്കാർ ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കണമെന്ന് കൊച്ചി കമീഷണർ കാളിരാജ് മഹേഷ്‌കുമാർ പറഞ്ഞു. നടന്നത് സംഘടിതമായ കുറ്റകൃത്യമാണെന്നും സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാബന്ധത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. സിന്ധുവിനെ ചോദ്യം ചെയുന്നത് വഴി കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്മീഷണർ പറഞ്ഞു. സിനിമാ താരങ്ങൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പോസ്റ്ററിൽ ചില താരങ്ങളുടെ ഫോട്ടോ കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.