റിയാദ്: ഹജ്ജ് തീർത്ഥാടനത്തിന് മുന്നോടിയായി താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഉംറ വിസകൾ വീണ്ടും അനുവദിച്ചു തുടങ്ങി. ഇന്ത്യയുൾപ്പെടെ ലോകത്തിലെ മുഴുവൻ രാജ്യങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർക്കായി ശനിയാഴ്ച അർധരാത്രി മുതലാണ് വിസകൾ ലഭ്യമായിത്തുടങ്ങിയത്. പുതിയ സീസണിൽ അനുവദിക്കുന്ന ഉംറ വിസകൾക്ക് മൂന്ന് മാസം കാലാവധിയുണ്ടായിരിക്കും.
ഈ വിസകളിൽ എത്തുന്ന തീർത്ഥാടകർക്ക് പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങൾക്ക് പുറമെ സഊദിയിലെ ഏത് നഗരങ്ങളിലും സന്ദർശനം നടത്താൻ അനുമതിയുണ്ട്. കൂടാതെ, രാജ്യത്തെ ഏത് വിമാനത്താവളങ്ങൾ വഴിയും തീർത്ഥാടകർക്ക് സഊദിയിലേക്ക് പ്രവേശിക്കാനും തിരികെ യാത്ര ചെയ്യാനും സാധിക്കും. മലയാളി തീർത്ഥാടകർക്കും വിസകൾ ലഭ്യമായിത്തുടങ്ങിയതായി ഇന്ത്യക്കാർക്ക് വിസകൾ അനുവദിക്കുന്ന പ്രമുഖ ഏജൻസിയായ മോഡേൺ ഗസ്റ്റ് ഉംറ സർവീസ് കമ്പനി സ്ഥിരീകരിച്ചു.
പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന ചില ഇളവുകളും പുതിയ വിസാനിയമങ്ങളിലുണ്ട്. സഊദിയിൽ താമസ വിസയുള്ളവർക്ക് (ഇഖാമ ഹോൾഡർമാർ) തങ്ങളുടെ ബന്ധുക്കളെ ഉംറക്കായി കൊണ്ടുവരുന്നതിന് ഒരേ സമയം ഇഖാമ വഴി അഞ്ച് വിസകൾ വരെ സ്വന്തമായി അപേക്ഷിക്കാം. ഇഖാമ വഴിയല്ലാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മുൻപത്തെപ്പോലെ തന്നെ അംഗീകൃത ഉംറ ഏജൻസികൾ മുഖേന ഗ്രൂപ്പായും വിസകൾക്ക് ശ്രമിക്കാവുന്നതാണ്. എന്നാൽ, വിസയിലെത്തുന്നവർ 90 ദിവസത്തെ കാലാവധി പൂർത്തിയാകുന്ന ദിവസത്തിന് മുൻപായി നിർബന്ധമായും സഊദി വിട്ടിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്.