ബെംഗളൂരു: എബോള ഭീതിയുടെ പശ്ചാത്തലത്തില്‍ ഉഗാണ്ടയില്‍ നിന്നെത്തിയ 28കാരി ബെംഗളൂരുവില്‍ നിരീക്ഷണത്തില്‍. യുവതിക്ക് നേരിയ ലക്ഷണങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ എപ്പിഡെമിക് ഡിസീസ് ആശുപത്രിയിലേക്കാണ് മാറ്റിയത്. ബെംഗളുരു പ്രദേശത്ത് എബോള ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
ഉഗാണ്ടയില്‍ നിന്ന് അടുത്തിടെയാണ് യുവതി അഹമ്മദാബാദിലെത്തിയത്. പിന്നീട് ബെംഗളൂരുവിലേക്ക് വരികയായിരുന്നു. എയര്‍പോര്‍ട്ട് സ്‌ക്രീനിങ്ങില്‍ ഇവര്‍ക്ക് ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി യുവതിയെ നിരീക്ഷണത്തിലാക്കിയിരുന്നു. തുടര്‍ന്ന് ഏകദേശം 24 മണിക്കൂറിന് ശേഷം ഇവര്‍ക്ക് നേരിയ ശരീരവേദന അനുഭവപ്പെട്ടതോടെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ച് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.
യുവതിയുടെ പരിശോധന ഫലം നെഗറ്റീവാണെന്നാണ് പ്രാഥമിക വിവരം. എങ്കിലും പ്രോട്ടോകോള്‍ അനുസരിച്ച് 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം വീണ്ടും പരിശോധന നടത്തും. തുടര്‍ച്ചയായി രണ്ടുതവണ പരിശോധന ഫലം നെഗറ്റീവായാല്‍ മാത്രമേ ഇവരെ ഡിസ്ചാര്‍ഡ് ചെയ്യൂവെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.