ചേമഞ്ചേരി: തിരുവങ്ങൂരിൽ ദമ്പതികൾക്കും യുവതികൾക്കും നേരെ യുവാക്കളുടെ ആക്രമണം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കാപ്പാട് ബീച്ചിലെത്തിയതായിരുന്നു ചെങ്ങോട്ട്കാവ് സ്വദേശികളായ ദമ്പതികളും ഇവരുടെ ബന്ധുക്കളായ രണ്ട് യുവതികളും. ബീച്ചിൽ നിന്ന് തിരിച്ച് കാറിൽ പോകവെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ കമന്റടിക്കുകയും അശ്ശീലവാക്കുകൾ പറയുകയുമായിരുന്നെന്ന് പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

തിരുവങ്ങൂർ റെയിൽവേ ഗേറ്റിന് സമീപത്തെത്തിയപ്പോൾ കാറിനെ തടഞ്ഞു നിർത്തി തന്റെ ഭർത്താവിനെ മുഖത്തും തലയ്ക്കും കൈ കൊണ്ട് അടിക്കുകയും കാറിൽ നിന്നും വലിച്ച് പുറത്തിട്ടടിക്കുകയും തടയാൻ പോയ തന്നെയും യുവാക്കൾ കൈ പിടിച്ച് വലിക്കുകയും പുറകോട്ട് തള്ളുകുയും ചെയ്തു. കാറിന്റെ ചില്ല് അടിച്ച് തകർത്തെന്നും പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സംഭവത്തിൽ പരാതിക്കാരിയുടെ ഭർത്താവിന് കണ്ണിന് പരിക്കേൽക്കുകയും പരാതിക്കാരിയുടെ കൈക്ക് ചതവ് പറ്റിയിട്ടുമുണ്ട്. നാട്ടുകാർ ഇടപെട്ട് പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി അർജുൻ(25), കണ്ണൂർ കായല്ലൂർ സ്വദേശി റിജിൽ(38) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ കൊയിലാണ്ടി കോടതയിൽ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. കൊയിലാണ്ടി സബ്ജയിലിൽ ആണ് ഇവർ റിമാൻഡിൽ കഴിയുന്നത്.