കോഴിക്കോട്: തദ്ദേശ സ്ഥാപന ജീവനക്കാരുടെ ആർജിത അവധി (ലീവ് സറണ്ടർ) ആനുകൂല്യം ഓൺഫണ്ടിൽനിന്ന് പാസാക്കരുത് എന്ന ഉത്തരവിന് വിരുദ്ധമായി പഞ്ചായത്തുകളിലെ സെക്രട്ടറിമാർ മുൻകൈയെടുത്ത് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പാസാക്കിയെടുത്തു. പുതിയ സർക്കാർ അധികാരത്തിലേറി ഉത്തരവ് പുതുക്കുന്ന ഇടവേളയിലാണ് സർക്കാറിന് വലിയ ബാധ്യതവരുത്തി പഞ്ചായത്ത് സെക്രട്ടറിമാരുടെ നടപടി. ഉത്തരവ് പുതുക്കുന്നത് സംബന്ധിച്ച് ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രിയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവരം ധരിപ്പിക്കുന്നതിൽ വീഴ്ചവരുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്.
കേരള സർക്കാർ ജീവനക്കാരുടെ 2026-27 സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവ് പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ ആർജിത അവധി സറണ്ടർ ചെയ്യുന്നതിന് സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പുതിയ സാമ്പത്തിക വർഷത്തിലും (2026-27) തുടരാൻ തീരുമാനിച്ചു. അതിനാൽ, മുൻ ഉത്തരവ് പ്രകാരം നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ 2026 മേയ് 31വരെ നീട്ടിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. 2026 മേയ് 31ന് ശേഷം സർക്കാറിന്റെ സാമ്പത്തികാവസ്ഥ വിലയിരുത്തി പുതിയ തീരുമാനം എടുക്കുന്നതാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.