വളാഞ്ചേരി : എടയൂർ അത്തിപ്പറ്റ പുന്നാംചോലയിൽ ചെമ്പ് പാത്രങ്ങളും വയറുകളും മോഷ്‌ടിച്ച കേസിൽ നാലുപേർ പിടിയിൽ. സമീപവാസിയായ പട്ടന്മാര് തൊടിയിൽ ജാഫർ അലി, മോഷണമുതലുകൾ വളാഞ്ചേരിയിലും കുളത്തൂരുമായി വിൽപ്പന നടത്താൻ സഹായി ച്ച മനക്കൽപടി ചിറക്കൽ ഷമീർ, അത്തിപ്പറ്റ പെരുമ്പറമ്പിൽ ഷമീർ, അത്തിപ്പറ്റ പാലശ്ശേരി ഷറഫുദ്ധീൻ എന്നിവരാണ് പിടിയിലായത്.
രണ്ടാഴ്ചയോളമായി പുന്നാംചോല, അത്തിപ്പറ്റ മേഖലയെ ഉറക്കംകെടുത്തിയ കള്ളന്മാരെയാണ് തിരൂർ ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും വളാഞ്ചേരി പൊലീസും ചേർന്ന് പിടികൂടിയത്. തുടർച്ചയായി മോഷണങ്ങൾ നടന്നതോടെ പ്രദേശവാസികൾ ആശങ്കയിലായിരുന്നു. പ്രദേശത്തുനിന്ന് സിസിടിവി ദൃശ്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. സമാന കളവുകൾ നടത്തിയിരുന്ന മുൻ കുറ്റവാളികളെ നിരീക്ഷിച്ചും പഴയ പാത്രങ്ങളും ആക്രി സാധനങ്ങൾ വാങ്ങുന്നവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
വളാഞ്ചേരി എസ്ഐ നിർമൽ മുരളി, തിരൂർ ഡാൻസാഫ് ടീമിലെ എഎസ്ഐ രാജേഷ്, ജയ പ്രകാശ്, സിപിഒ ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ സിപിഒമാരായ തോമസ്, റാഷിദ്, വിജയനന്ദു, അർജുൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.