കോഴിക്കോട്: ദീർഘകാല അവധി അപേക്ഷയിൽ സർക്കാർ തീരുമാനമെടുക്കുന്നതിനു മുന്നേ സ്വകാര്യ പ്രാക്ടീസ് ആരംഭിച്ച് കോഴിക്കോട് മെഡിക്കൽ കോളജിലെ അസിസ്റ്റന്‍റ് പ്രൊഫസർ. ഡോക്ടറുടെ ചിത്രം സഹിതമാണ് സ്വകാര്യ ആശുപത്രി പരസ്യം ചെയ്യുന്നത്. മറ്റ് അവധികൾ എടുത്താണ് ചട്ടം ലംഘിച്ചുള്ള ഡോക്ടറുടെ സ്വകാര്യ ആശുപത്രിയിലെ പ്രാക്ടീസ്.
സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകരും , ഡോക്ടർമാരും വീട്ടിൽ പോലും സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടില്ല . 2020 ഒക്ടോബർ 27 മുതൽ ഡോ . വൈശാഖ് സി . എൻ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്ത് വരികയാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വിവരവകാശ മറുപടിയിൽ പറയുന്നു . ഡോ. വൈശാഖ് ശമ്പളമില്ലാത്ത അവധിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നുമാണ് വിവരാവകാശ മറുപടി . എന്നാൽ കോഴിക്കോട് നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രി ഡോക്ടർ വൈശാഖിൻ്റെ ഫോട്ടോ സഹിതം നൽകി പരസ്യം ചെയ്യുന്നുണ്ട്. സ്വകാര്യ പ്രാക്ടീസ് പാടില്ലെന്ന കർശന നിയമം നിലനിൽക്കെയാണ് പരസ്യമായ ചട്ടലംഘനം നടത്തുന്നത്.
സ്വകാര്യ ആശുപത്രിയിൽ വിളിച്ചാലും ഡോ. വൈശാഖിൻ്റെ ബുക്കിങ്ങ് ലഭിക്കും. താൻ ദീർഘ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും അത് ലഭിച്ചില്ലെങ്കിൽ രാജിവെക്കുമെന്നുമാണ് ഡോക്ടറുടെ വിശദീകരണം. വിഷയത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് പ്രധാനമാണ്.