തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരുന്ന സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. വടക്കാഞ്ചേരി-കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോയക്‌സ് ഗ്രൂപ്പിന്റെ പ്രിയമോള്‍ ബസിലെ കണ്ടക്ടര്‍ മംഗലം ചീരോത്ത് വളപ്പില്‍ രാമദാസിന്റെ ലൈസന്‍സാണ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ജോയിന്റ് ആര്‍ടിഒ.യുടെതാണ് നടപടി. ഇതോടൊപ്പം കണ്ടക്ടര്‍ നിര്‍ബന്ധിത ബോധവല്‍ക്കരണ ക്ലാസിനും ഹാജരാകണം.
വീട്ടില്‍ പോകണ്ടേ...ചേട്ടാ എന്നു കുട്ടികള്‍ കൈകൂപ്പി അപേക്ഷിച്ചിട്ടും കണ്ടക്ടര്‍ ഇവരെ ബസില്‍ കയറ്റാന്‍ തയ്യാറായില്ല. ഈ സമയം സമീപത്തുണ്ടായിരുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ ഒരാള്‍ ഇതിന്റെ വീഡിയോ എടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. രാമദാസിനു മേല്‍ നടപടി എടുത്ത ജോയിന്റ് ആര്‍ടിഒ പെര്‍മിറ്റ് ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
ക്ലേലിയ ബാര്‍ബിയേറി ഹോളി ഏയ്ഞ്ചല്‍സ് ഹൈസ്‌കൂളിലെ പത്താം ക്ലാസിലെ എട്ട് ആണ്‍കുട്ടികള്‍ സ്‌പെഷല്‍ ക്ലാസിനു ശേഷം വീട്ടിലേക്കു ബസില്‍ മടങ്ങാന്‍ സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് സംഭവം. ്പ്രിയമോള്‍ ബസില്‍ കയറാന്‍ ശ്രമിച്ച ഇവരെ കണ്ടക്ടര്‍ ശകാരിച്ചു മാറ്റി നിര്‍ത്തി. ബസ് പുറപ്പെടുമ്പോള്‍ കയറിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. പിന്നാലെ ബസിനരികില്‍ വരിയായി ഇവര്‍ കാത്തു നിന്നെങ്കിലും നാലു കുട്ടികളെ മാത്രം കണ്ടക്ടര്‍ ബസിനുള്ളിലേക്കു കടത്തിവിട്ട്, മറ്റുള്ളവരെ തടഞ്ഞു.
ബസ് പുറപ്പെടും മുന്‍പും കണ്ടക്ടറോട് കയറാന്‍ അനുവാദം തേടിയ വിദ്യാര്‍ഥികളിലൊരാള്‍ ഒടുവില്‍ കൈകൂപ്പി അപേക്ഷിച്ചെങ്കിലും കണ്ടക്ടര്‍ വഴങ്ങിയില്ല. ഈ സമയം സമീപത്തുണ്ടായിരുന്ന രക്ഷിതാവായ കുമരനെല്ലൂര്‍ സ്വദേശി ടി.കെ. സനീഷ് കുട്ടികളെ തടഞ്ഞ രംഗമടക്കം മൊബൈലില്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്.