കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ വിചാരണ നാളെ തുടങ്ങും. എട്ടുവർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. സർക്കാറിന്റെ തടസവാദങ്ങളാണ് വിചാരണ വൈകാൻ കാരണമായത്. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ.

വിചാരണക്കോട തിയിൽ സ്പെഷൽ പ്രോസിക്യൂട്ടറെ വയ്ക്കുന്നതിന്റെ ചെലവു വഹിക്കുമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കുടുംബത്തെ അറിയിച്ചിരുന്നു. കുടുംബം നിർദേശിച്ച അഡ്വ.കെ.പത്മനാഭനാണ് സ്പെഷൽ പ്രോസിക്യൂട്ടർ.

2018 ഫെബ്രുവരി 12ന് എടയന്നൂരിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. തട്ടുക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കിവെ സ്ഥലത്തെത്തിയ ക്വട്ടേഷൻ സംഘം ആദ്യം ബോംബെറിയുകയും പിന്നീട് ഷുഹൈബിനെ 41 തവണ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.

ഷുഹൈബിന്റെറെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചപ്പോൾ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്ന് മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ അഭിഭാഷകർക്ക് വേണ്ടി സർക്കാർ ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഷുഹൈബ് വധ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിൻ്റെ അച്ഛൻ സി.പി. മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിലും സുപ്രിംകോടതിയിലും സർക്കാരിന് വേണ്ടി വാദിക്കാൻ എത്തിയത് സംസ്ഥാനത്തിന് വെളിയിൽ

നിന്നുള്ള മുതിർന്ന അഭിഭാഷകരാണ്. ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിക്ക് നൽകിയത് 64.40 ലക്ഷം . അമരീന്ദർ സിംഗിന് 22 ലക്ഷം. സുപ്രിം കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായത് വിജയ് ഹൻസാരിയും ജയദീപ് ഗുപ്‌തയും. സുപ്രിംകോടതിയിൽ വാദിച്ചതിന് കൊടുത്ത ഫീസ് 3.30 ലക്ഷമാണ്. അതിനിടെ കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് തലശ്ശേരി സെഷന്സ് കോടതി ആവശ്യപ്പെട്ടു. ഇതിനെതിരെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ

പരിഗണനയിലുള്ള

കേസിന്റെ വിചാരണ വേഗം

പൂർത്തിയാക്കണമെന്ന് പറഞ്ഞതിലെ സാധുതയാണ് മാതാപിതാക്കൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ, സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹരജി സുപ്രിംകോടതി തള്ളി. വിചാരണ വേളയിൽ മറ്റാരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ, നിയമപരമായ മാർഗ്ഗം തേടാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു.