കൊയിലാണ്ടി: ഷവർമ്മ ഉണ്ടാക്കാനായി കടയിലേക്ക് എത്തിച്ച ചിക്കൻ തെരുവുപട്ടികൾ കടിച്ചു പറിച്ചു. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കടയ്‌ക്കെതിരെയും ചിക്കൻ വിതരണം നടത്തിയ സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിച്ചു. പഴയ സ്റ്റാൻഡിന് മുന്നിലുള്ള ഒഫിക്സ് ഷവർമ്മാ സ്റ്റാളിനാണ് രണ്ട് ദിവസത്തേക്ക് കട അടയ്ക്കാൻ നോട്ടീസ് നൽകിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. കട തുറക്കുന്നതിന് മുൻപ് പുറത്തുവെച്ചിരുന്ന ചിക്കനാണ് തെരുവുപട്ടികൾ കടിച്ചുപറിച്ചത്. താമരശ്ശേരിയിലെ ചിക്കൻ സെന്ററിൽ നിന്നെത്തിച്ച ഇറച്ചിയാണ് മൂടിയില്ലാത്ത പാത്രത്തിൽ കടയ്ക്ക് പുറത്ത് ഇറക്കിവെച്ചിരുന്നത്. ഇറച്ചി തെരുവുപട്ടികൾ കടിച്ചുകൊണ്ടുപോകുന്നത് നഗരത്തിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോ. ശ്വേതാ വേലായുധന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഓഫീസർ അരവിന്ദ് അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് കടയ്ക്ക് രണ്ട് ദിവസത്തേക്ക് അടച്ചിടൽ നോട്ടീസ് നൽകിയത്.

ചിക്കൻ വിതരണം നടത്തിയ താമരശ്ശേരി ചിക്കൻ സെന്ററിനെതിരെ നടപടി എടുക്കുന്നതിനായി ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് റിപ്പോർട്ട് നൽകിയതായി ഡോ. ശ്വേതാ വേലായുധൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വരും ദിവസങ്ങളിലും കൊയിലാണ്ടിയിലെ ഷവർമ ഷോപ്പുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്നും ഓഫീസർ പറഞ്ഞു.