തൃശൂര്‍: കുന്നംകുളത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. കുന്നംകുളം സ്വദേശിയായ സിബി (50), മകള്‍ അലീന (18) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ സിബിയുടെ ഭാര്യ ബീന, മകന്‍ ആദിത്യന്‍ (17) എന്നിവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രവാസിയായിരുന്ന സിബിക്ക് ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തേണ്ടി വന്നിരുന്നു. ഇതിനുശേഷമുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതകളാണ് ദാരുണമായ ഈ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വിഷം ഉള്ളില്‍ച്ചെന്ന നിലയിലാണ് നാലുപേരെയും കണ്ടെത്തിയത്. വിഷം കഴിച്ചതിന് ശേഷം സിബി കിണറ്റിലേക്ക് ചാടുകയായിരുന്നു. സിബിയുടെ മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തു. മകള്‍ അലീന വിഷം കഴിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. നിലവില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.