വടകര:വടകരയിൽ അധ്യാപികമാർ പ്രതികളായ എം ഡി എം എ കേസിലെ പ്രധാന സൂത്രധാരൻ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഷിന്റോ ഷിബുവാണെന്ന് പോലീസ് കണ്ടെത്തി. ലഹരി എത്തിച്ച് നൽകിയതും ഇയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. 22 വയസ്സുള്ള ഷിന്റോ പല ലഹരി കേസുകളിലും നേരത്തെ പ്രതിയാണ്.
വാട്സാപ്പ് നമ്പറുകളിലേക്ക് വിളിച്ചാണ് ഇയാൾ മയക്കുമരുന്ന് കച്ചവടം ഉറപ്പിച്ചിരുന്നത്. അധ്യാപികമാർ പിടിയിലായതോടെ ഷിന്റോ സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് മാത്രം ഷിന്റോ നിർദേശിച്ച അക്കൗണ്ടുകളിലേക്കും ക്യു ആർ കോഡുകളിലേക്കും ഒരു കോടി രൂപയിലധികം അയച്ചിട്ടുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ടുകൾ വഴി പണം സ്വീകരിക്കുകയായിരുന്നു സംഘത്തിന്റെ രീതി. ഒരു അക്കൗണ്ടിലേക്ക് മാത്രം നൂറിലേറെ പേർ പണം അയച്ചതായും കണ്ടെത്തി. അറസ്റ്റിലായ കാവ്യ, കീർത്തന, നീഷ്മ എന്നീ അധ്യാപികമാർ ലഹരിയുടെ മുഖ്യവിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് നൽകാൻ തയ്യാറായിട്ടില്ല.
പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ എത്തിയതായും പോലീസ് കണ്ടെത്തി. ഈ പണം മുഴുവൻ നർക്കോട്ടിക് ബിസിനസ് വഴി സമ്പാദിച്ചതാണെന്ന് തെളിഞ്ഞാൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് പോലീസിന്റെ നീക്കം.
പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ വിദേശ ഫോൺ നമ്പറുകളാണ് ഉപയോഗിച്ചിരുന്നതെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റ് ബന്ധങ്ങൾ കൂടി കണ്ടെത്തുന്നതിനായി ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുകയാണ് പോലീസ്.