പേരാമ്പ്ര: പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലുമായി ആഞ്ഞടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ നിരവധി വൻമരങ്ങളും തെങ്ങുകളും കടപുഴകി വീണത് മേഖലയിൽ വലിയ ഭീതി പരത്തി.

പാറാട്ടുപാറയിലെ പാറാട്ടുപൊയിൽ അനിതയുടെ വീടിന് മുകളിൽ മരം വീണ് വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. പേരാമ്പ്ര സ്വദേശി ശശികുമാറിന്റെ വീട്ടുപറമ്പിലെ തെങ്ങ് ഒടിഞ്ഞു വീഴുകയും വാഴകൃഷി നശിക്കയും ചെയ്തു. ഇവിടെ മരം വീണ് വൈദ്യുതി ലൈൻ പൊട്ടുകയും പോസ്റ്റ് തകരുകയും ചെയ്തതോടെ പ്രദേശത്ത് വൈദ്യുതി വിതരണവും തടസപ്പെട്ടു.

ഇന്ന് ശക്തമായി പെയ്ത മഴയിൽ പേരാമ്പ്ര ബസ് സ്റ്റാൻഡ്

പേരാമ്പ്ര ബൈപ്പാസ് റോഡിൽ മരം കടപുഴകി വീണതിനെ തുടർന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ബൈപ്പാസ് പരിസരങ്ങളിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. പലയിടങ്ങളിലും റോഡിലേക്ക് മരങ്ങൾ വീണതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപെട്ടു. ഗ്രാമീണ മേഖലകളിൽ വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി തെങ്ങുകളും കുലച്ച വാഴകളും നിലംപൊത്തിയതോടെ കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. അതേസമയം, വരും മണിക്കൂറുകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.