തിരുവനന്തപുരം:സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. വി.ഡി സതീശൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഐഎഎസ് തലപ്പത്തുണ്ടാവുന്ന ആദ്യ അഴിച്ചു പണിയിൽ തന്നെ സസ്‌പെൻഷൻ കഴിഞ്ഞ് എത്തിയ ബി.അശോകിനും എൻ.പ്രശാന്തിനും പുതിയ ചുമതലകൾ നൽകി. വിഴിഞ്ഞം പോർട്ട് എംഡി സ്ഥാനത്തത്ത് നിന്ന് ദിവ്യ എസ്.അയ്യരെ മാറ്റി. തദ്ദേശ വകുപ്പ് സെക്രട്ടറിയായാണ് നിയമനം.

പിആർഡി ഡയറക്ടറായിരുന്ന ടി.വി സുഭാഷിനെ കൃഷി വകുപ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. കൃഷി വകുപ്പിന്റെ സ്‌പെഷ്യൽ സെക്രട്ടറിയാണ് നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് യുഡിഎഫ് ഏറെ വിമർശനം ഉന്നയിച്ച പിആർഡി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ രത്തൻ കേൽക്കറിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. പുതിയതായി ആരംഭിച്ച വയോജന വകുപ്പിന്റെയും കോസ്റ്റൽ ഷിപ്പിങ്ങിന്റെയും ചുമതല കൂടി അദ്ദേഹത്തിനുണ്ട്.

ടി.വി അനുപമയാണ് ഗതാഗത സെക്രട്ടറി. ജീവൻബാബുവാണ് പുതിയ റവന്യു സെക്രട്ടറി. ശ്രീധന്യ സുരേഷാണ് പുതിയ ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷ്ണർ. ആരോഗ്യവകുപ്പിന്റെ പുതിയ സെക്രട്ടറിയായി ഷർമിള മേരി ജോസഫിനെയാണ് നിയമിച്ചിരിക്കുന്നത്. ആർ.രാജമാണിക്യമാണ് കെഎസ്ഇബിയുടെ പുതിയ സിഎംഡി. പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്ത് നിന്ന് ആസിഫ് യൂസഫിനെ മാറ്റിയിട്ടുണ്ട്. ആസിഫ് കെ.യൂസഫാണ് നോർക്ക റൂട്ട്‌സ് സിഇഒയായാണ് പുതിയ നിയമനം. സ്‌നേഹിൽ കുമാർ സിംഗാണ് പുതിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി.