പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. കോന്നി ഏരിയ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പാർട്ടി നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി തന്നെ പിരിച്ചുവിടണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.

കോന്നിയിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ "വീട്ടിൽ പോയി ചോദിക്കാൻ" എന്ന പരാമർശം സംസ്ഥാനമൊട്ടാകെ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് ഏരിയ കമ്മിറ്റിയിൽ വിമർശനമുയർന്നു. ഈ ഒരൊറ്റ പരാമർശം കാരണം സംസ്ഥാനത്തെ ഓരോ ബൂത്തിലും ശരാശരി 20 വോട്ടുകൾ വീതം പാർട്ടിക്ക് നഷ്ടപ്പെട്ടതായാണ് യോഗത്തിലെ വിലയിരുത്തൽ. ജനങ്ങളോടുള്ള ഇത്തരം സമീപനങ്ങൾ വോട്ടർമാരെ പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമായെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും കടുത്ത ആരോപണങ്ങളാണ് യോഗത്തിൽ ഉന്നയിക്കപ്പെട്ടത്. എം.വി. ഗോവിന്ദൻ തന്റെ ഭാര്യക്ക് തളിപ്പറമ്പ് സീറ്റ് വാങ്ങി നൽകിയതിനെ സ്വജനപക്ഷപാതമായി യോഗം വിലയിരുത്തി. പാർട്ടിയുടെ പൊതുതാത്പര്യങ്ങൾ മറന്നുകൊണ്ടുള്ള ഇത്തരം നടപടികൾ സംസ്ഥാനത്തുടനീളം നിരവധി സീറ്റുകൾ നഷ്ടപ്പെടാൻ ഇടയാക്കിയെന്നാണ് വിമർശനം.

മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും ആശങ്കാജനകമായ വിലയിരുത്തലുകളാണ് യോഗത്തിലുണ്ടായത്. കോന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെയു ജനീഷ് കുമാർ കഷ്ടിച്ചാണ് ജയിച്ചുകയറിയത്. യു.ഡി.എഫ് സ്ഥാനാർഥിക്ക് പ്രചാരണത്തിനായി ഒരാഴ്ച കൂടി സമയം ലഭിച്ചിരുന്നെങ്കിൽ ജനീഷ് കുമാർ 15,000 വോട്ടുകൾക്ക് പരാജയപ്പെടുമായിരുന്നു. അങ്ങനെയെങ്കിൽ പത്തനംതിട്ട ജില്ലയിൽ എൽ.ഡി.എഫ് സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങേണ്ടി വരുമായിരുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ സംസ്ഥാനവ്യാപകമായി പാർട്ടി അണികളിൽ നിന്നും പ്രാദേശിക നേതൃത്വങ്ങളിൽ നിന്നും വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് കോന്നി ഏരിയ കമ്മിറ്റിയിലും നേതൃമാറ്റമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങളെത്തിച്ച രൂക്ഷവിമർശനം ഉണ്ടായിരിക്കുന്നത്.