ന്യൂഡൽഹി: ഇന്ധനവില കുതിച്ചുയരുന്നതിനെത്തുടർന്നുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതകളെ മറികടക്കാൻ എയർ ഇന്ത്യ തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ താൽക്കാലികമായി കുറവ് വരുത്തുന്നു. വരും മാസങ്ങളിൽ (2026 ജൂൺ മുതൽ ആഗസ്റ്റ് വരെ) തെരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലെ സർവീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ വ്യക്തമാക്കി.
നേരത്തെ ഇതേ കാലയളവിൽ ചില അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കാൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി.
“മുമ്പ് പ്രഖ്യാപിച്ച അന്താരാഷ്ട്ര സർവീസ് ക്രമീകരണങ്ങൾക്ക് പിന്നാലെ, ജൂൺ-ആഗസ്റ്റ് കാലയളവിൽ തെരഞ്ഞെടുത്ത ചില ആഭ്യന്തര റൂട്ടുകളിലെ സർവീസുകളുടെ എണ്ണത്തിലും താൽക്കാലികമായി കുറവ് വരുത്താൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്” എയർ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
എയർ ഇന്ത്യ തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ ഏകദേശം 20 മുതൽ 22 ശതമാനം വരെ കുറവ് വരുത്തുമെന്നാണ് സൂചനകൾ. വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവും സാമ്പത്തിക വെല്ലുവിളികളും കാരണം അന്താരാഷ്ട്ര സർവീസുകളിൽ ഇതിനകം തന്നെ 27 ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്. നിലവിൽ എയർ ഇന്ത്യ പ്രതിവാരം 4,400 സർവീസുകളാണ് നടത്തുന്നത്. ഇതിൽ 3,600 ആഭ്യന്തര സർവീസുകളും 800 അന്താരാഷ്ട്ര സർവീസുകളും ഉൾപ്പെടുന്നു. സർവീസുകൾ റദ്ദാക്കുന്നത് വഴി ബുദ്ധിമുട്ടിലാകുന്ന യാത്രക്കാർക്ക് ബദൽ യാത്രാ സൗകര്യമടക്കം കമ്പനി വാഗ്ദാനം ചെയ്‌തിട്ടുണ്ട്. യാത്ര വേണ്ടെന്ന് വെക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുമെന്നും കമ്പനി അറിയിക്കുന്നുണ്ട്.