ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. നീറ്റ് കർണാടകയിലെ കൽബുർഗി സ്വദേശിയായ ഭാഗ്യശ്രീയാണ്(18) മരണപ്പെട്ടത്. നന്നായി പഠിക്കുന്ന വിദ്യാർഥിനിയാണ് ഭാഗ്യശ്രീയെന്നും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 92 ശതമാനം മാർക്ക് നേടിയിട്ടുണ്ടെന്നും അച്ഛൻ രാജശേഖർ പറഞ്ഞു. നീറ്റ് പരീക്ഷ അവൾ നന്നായി എഴുതി. വീണ്ടും പരീക്ഷ എഴുതുന്നതിനെ സംബന്ധിച്ച് അവൾ ചിന്തിച്ചിട്ടുണ്ടാവാം.
ഞങ്ങളുടെ കുടുംബത്തിൽ യാതൊരു പ്രശ്‌നവും നിലനിൽക്കുന്നില്ല. സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും അച്ഛൻ പറഞ്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നത് തുടർക്കഥയാവുകയാണ്. ഉത്തർപ്രദേശ്, ഗോവ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലും വിദ്യാർഥികൾ ആത്മഹത്യ ചെയ്തു.