കോഴിക്കോട്: പോക്സോ കേസിൽ യുവാവ് അറസ്റ്റിലായി. കൊളത്തറ സ്വദേശി എളയിടത്ത് പറമ്പ് വീട്ടിൽ മുഹമ്മദ് അഫ്റോസ് (23) നെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
2026 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. 14 വയസുകാരിയായ വിദ്യാർത്ഥിനിയെ പരിചയം സ്ഥാപിച്ച് സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തുപറയരുതെന്ന് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫറോക്ക് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി രാമനാട്ടുകരയിൽ എത്തിയതായി കണ്ടെത്തി. ഫറോക്ക് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാജിനിയുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ സനീഷ്, സനൂപ്, സുകേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.