കോഴിക്കോട്: അതീവ പരിസ്ഥിതി ലോല മേഖലയായ വയനാട്ടിൽ പശ്ചിമഘട്ടം തുരന്നുള്ള തുരങ്കപാത നിർമാണം അപകടകരമാണെന്ന മുന്നറിയിപ്പുകൾ അവഗണിച്ചതാണ് ഇന്നലെയുണ്ടായ വൻ ദുരന്തത്തിന് വഴിവച്ചത്. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതും സുരക്ഷാ വീഴ്ചകളും ദുരന്തത്തിലേക്ക് നയിച്ചു.
നിർമാണ പ്രവർത്തനത്തിനിടെ നീക്കം ചെയ്യുന്ന മണ്ണും അവശിഷ്ടങ്ങളും സുരക്ഷിതമായ രീതിയിലായിരുന്നില്ല മാറ്റിയത്.
വൻതോതിൽ മണ്ണ് കൂട്ടിയിട്ടത് അപകട ഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ പരാതി പറഞ്ഞെങ്കിലും കമ്പനി അധികൃതർ ചെവിക്കൊണ്ടില്ല. ഇത്തരത്തിൽ കൂട്ടിയിട്ട മണ്ണാണ് കനത്ത മഴയിൽ ദുരന്തംവിതച്ചത്. തുരങ്കനിർമാണത്തിനായി മണ്ണുമാറ്റിയ പ്രദേശത്തിന് സമീപത്താണ് തൊഴിലാളികളുടെ താമസസ്ഥലം. ഇത് സുരക്ഷാ പ്രോട്ടോക്കോളുകളുടെ ലംഘനമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഉരുൾപൊട്ടൽ സാധ്യതാ പ്രദേശത്ത് അതീവ ശ്രദ്ധയോടു കൂടി വേണം പ്രവർത്തനങ്ങൾ നടത്താനെന്ന വ്യവസ്ഥയോടെയാണ് പാരിസ്ഥിതിക ആഘാത സമിതി പദ്ധതിക്ക് അനുമതി കൊടുത്തത്. 60 ഉപാധികളോടെയാണ് പദ്ധതിക്ക് അന്തിമ പാരിസ്ഥിതിക അനുമതി നൽകിയത്.തുരങ്ക നിർമാണത്തിനായുള്ള ഖനന സമയത്ത് ഉണ്ടാവാൻ സാധ്യതയുള്ള സ്‌ഫോടനത്തിന്റെ ആഘാതം കുറയ്ക്കാൻ സി.എസ്.ഐ.ആർ, സി.ഐ.എം.എഫ്.ആർ എന്നിവ നൽകിയിട്ടുള്ള മുഴുവൻ നിർദേശങ്ങളും പാലിക്കണമെന്നതാണ് ഇതിൽ പ്രധാനം.
വൈബ്രേഷൻ, പ്രളയം, ഭൂമിശാസ്ത്ര പഠനങ്ങൾ എന്നിവയിലെ നിർദേശങ്ങൾ പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. നിർമാണ ജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായുള്ള സംവിധാനങ്ങൾ ഒരുക്കണം, നിർമാണത്തിൽ ഏർപ്പെടുന്നവർക്ക് മതിയായ സുരക്ഷ വേണമെന്നതടക്കമുള്ള വ്യവസ്ഥകളും അന്തിമ അനുമതി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതെല്ലാം കാറ്റിൽപറത്തിയാണ് നിർമാണം പുരോഗമിക്കുന്നത്.