സുൽത്താൻ ബത്തേരി: ജില്ലയിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിലെ ഒൻപത് തട്ടുകടകൾ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലൂടെ രോഗം പകരാനുള്ള സാധ്യത
മുൻനിർത്തിയാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിച്ചത്. മാനദണ്ഡങ്ങളിൽ
ഗുരുതരമായ ലംഘനം കണ്ടെത്തിയതിനെത്തുടർന്ന് 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറാണ് ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടത്.
ഗാന്ധി ജംഗ്ഷനിലെ ബഷീറിന്റെ തട്ടുകട, സിറ്റി തട്ടുകട, ന്യൂ ഫാസ്റ്റ് ഫുഡ്, ഈസ്റ്റേൺ
ടൂറിസ്റ്റ് ഹോമിന് സമീപത്തെ ഷംസുദ്ദീന്റെ തട്ടുകട, ഉടുപ്പി ഹോട്ടലിന് സമീപമുള്ള സതീശന്റെ തട്ടുകട, കോട്ടക്കുന്നിലെ അബ്ദുൽ ഖാദറിന്റെ തട്ടുകട, ബജിക്കട, ചുള്ളിയോട് റോഡിലെ ടീ കമ്പനി, ലക്ഷ്മി പാനിപൂരി എന്നിവയാണ് അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ. പൊതുജനാരോഗ്യം കണക്കിലെടുത്ത് വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.