വാൻകൂവർ: ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആവേശം വംശീയ അക്രമണങ്ങൾക്കും ഫൗളുകൾക്കും വഴിമാറിയ പോരാട്ടത്തിൽ ഖത്തറിനെതിരേ കാനഡയ്ക്ക് വമ്പൻ ജയം. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് കാനഡ ഖത്തറിനെ തകർത്തത്. ലോകകപ്പ് ചരിത്രത്തിൽ കാനഡയുടെ ആദ്യ വിജയമാണിത്. കാനഡയ്ക്കായി ജൊനാഥൻ ഡേവിഡ് ഹാട്രിക് നേടി തിളങ്ങി.
ഗുരുതരമായ ടാക്കിളുകളും ഫൗളുകളുടെ പെരുമഴയും കണ്ട് 'ഇതുവരെ നടന്നതിൽ ഏറ്റവും മോശം മത്സരം' എന്ന് വിശേഷിപ്പിക്കാവുന്ന കളിയായിരുന്നു വാൻകൂവറിലേത്. കളിയിലുടനീളം കാനഡയുടെ മുന്നേറ്റം തടയാൻ ഫൗളുകളെയാണ് ഖത്തർ താരങ്ങൾ ആശ്രയിച്ചത്. ഇതിന്റെ ഫലമായി രണ്ട് ഖത്തറി താരങ്ങൾക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നു.
മത്സരത്തിൽ പൂർണ്ണ ആധിപത്യം പുലർത്തിയ കാനഡ ഖത്തർ ഗോൾമുഖത്തേക്ക് 30 ഷോട്ടുകളാണ് തൊടുത്തത്. ഇതിൽ 10 എണ്ണം ഓൺ ടാർഗറ്റ് ഷോട്ടുകളായിരുന്നു. ഖത്തറിന് പ്രതിരോധിക്കാൻ പോലുമാകാത്ത വിധമായിരുന്നു കാനഡയുടെ ആക്രമണം.
ഹാട്രിക് തിളക്കം: ജൊനാഥൻ ഡേവിഡ്
മറ്റ് സ്‌കോറർമാർ: കൈൽ ലാറിൻ, നഥാൻ സാലിബ
സെൽഫ് ഗോൾ: ഖത്തർ താരം മുഹമ്മദ് മനായിയുടെ വക
മത്സരത്തിന്റെ 33-ാം മിനിറ്റിൽ ഹൊമാം അഹമ്മദും, 53-ാം മിനിറ്റിൽ അസ്സിം മാഡിബോയും ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ശേഷിച്ച സമയം ഒമ്പതു പേരുമായാണ് ഖത്തർ കളി പൂർത്തിയാക്കിയത്. ടീമിലുള്ള മലയാളി താരം തഹ്സിൻ മത്സരത്തിനിറങ്ങിയില്ല.
ഖത്തർ താരത്തിന്റെ ക്രൂരമായ ഒരു ഫൗളിൽ കനേഡിയൻ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതരമായി പരgക്കേറ്റു. മത്സരത്തിന്റെ 50-ാം മിനിറ്റിൽ നടന്ന ഈ ഫൗളിൽ കോനെയുടെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ഈ വമ്പൻ ജയത്തോടെ രണ്ട് കളികളിൽ നിന്ന് നാലു പോയന്റുമായി കാനഡ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തെത്തി.