തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഏണിക്കരയിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് ക്രൈംബ്രാഞ്ച് പ്രശാന്തിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയിരുന്നുവെങ്കിലും പിൻമാറിയിരുന്നു.
പ്രശാന്തിനു പുറമെ തിരുവാഭരണ കമ്മീഷണറായിരുന്ന റെജിലാൽ, ബോർഡ് അംഗം അജി കുമാർ എന്നിവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റിനു പിന്നിൽ സർക്കാറിന്‍റെ രാഷ്ട്രീയ നീക്കമാണെന്ന് ആരോപിച്ച് പ്രശാന്ത് ഇന്ന് രാവിലെ ഒരു കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സത്യസന്ധമായി പ്രവർത്തിക്കുകയും 2019ലെ ശബരിമല സ്വർണക്കൊള്ള പുറത്തുവരാൻ നിമിത്തമാവുകയും ചെയ്ത ബോർഡിനെ പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുകയാണെന്നാണ് കുറിപ്പിലുള്ളത്.
2025ലെ സ്വർണപ്പാളി കടത്തലുമായി ബന്ധപ്പെട്ട് അന്നത്തെ ഭരണസമിതിക്കെതിരെ അന്വേഷണം നടത്തി കേസെടുക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. എന്നാൽ പ്രത്യേക കേസായി ഇതിനെ പരിഗണിക്കുന്നതിനു പകരം 2019ലെ സ്വർണക്കൊള്ളയുടെ തുടർച്ചയായി അന്വേഷിക്കാനാണ് എസ്.ഐ.ടി തീരുമാനിച്ചിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട മൂന്ന് പ്രതികളെയാണ് ഇന്ന് അറസ്റ്റ് ചെയ്യുന്നത്.