തൃശൂർ: മുഖ്യമന്ത്രിയായി വി ഡി സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിൽ മൗനം വെടിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ രമേശ് ചെന്നിത്തല. കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്. ഇന്ന് പിലർച്ചെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന്, എല്ലാം മുഖ്യമന്ത്രി തീരുമാനിക്കും എന്ന് ഒറ്റവാചകത്തിൽ പറഞ്ഞവസാനിപ്പിച്ച് ചെന്നിത്തല മടങ്ങുകയായിരുന്നു.
മുഖ്യമന്ത്രിയായി വി ഡി സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പ്രതിഷേധ സൂചകമായി ചെന്നിത്തല ഇന്നലെ നടന്ന പാർലമെന്ററി പാർടിയോഗം ബഹിഷ്‌കരിച്ചു. വടം വലിക്കൊടുവിൽ തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തിനു ശേഷമാണ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ രമേശ് ചെന്നിത്തല തന്റെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. തന്റെ സീനിയോറിറ്റി പരിഗണിച്ചില്ലെന്നും പാർടിയിൽ അച്ചടക്കം പാലിച്ച് നിന്നിട്ടും അവഗണിച്ചെന്നും ചെന്നിത്തല കോൺഗ്രസ് നേതൃത്വത്തോട് പരാതിപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിക്കസേരയ്ക്കായി വി ഡി സതീശനും കെ സി വേണുഗോപാലും രംഗത്തെത്തിയപ്പോൾ 70 കാരനായ രമേശ് ചെന്നിത്തല തന്റെ സീനിയോരിറ്റി പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
മന്ത്രിസഭയിലേക്ക് ഇല്ലെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുക്കാതെ ചെന്നിത്തല തിരുവനന്തപുരത്തു നിന്നും ഗുരുവായൂരിലേക്ക് മടങ്ങിയത്. പിന്നീട് കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. വ്യാഴം രാവിലെ മുതൽ തിരുവനന്തപുരത്തെ വസതിയിലായിരുന്നു ചെന്നിത്തല. മുഖ്യമന്ത്രിപ്പോരിൽ വി ഡി സതീശനും കെ സി വേണുഗോപാലും തമ്മിലുള്ള പോര് കടുത്തതോടെ അനുരഞ്ജന നീക്കമെന്ന നിലയിൽ ചെന്നിത്തലയെ ഹൈക്കമാൻഡ് നിർദേശിക്കുമെന്നായിരുന്നു അണികളുടെ പ്രതീക്ഷ. രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ അണികൾ തമ്പടിക്കുകയും ചെയ്തിരുന്നു.
എന്നാൽ സതീശനെ പ്രഖ്യാപിച്ചതോടെ തിരുവനന്തപുരത്തുനിന്നും ചെന്നിത്തല മടങ്ങി. വീടിന് മുന്നിൽ കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാതെ പിൻവാതിലിലൂടെ ഇറങ്ങിപ്പോകുകയായിരുന്നു. ചെന്നിത്തലയുടെ അനുയായികൾ പ്രകോപിതരായി. ജ്യോതികുമാർ ചാമക്കാല ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ നിയന്ത്രിച്ചത്. മറ്റ് നേതാക്കൾ സോഷ്യൽമീഡിയയിലൂടെയും അല്ലാതെയും ആശംസകൾ അറിയിച്ചപ്പോൾ ചെന്നിത്തല അതിനും മുതിർന്നില്ല. എന്നാൽ രമേശ് ചെന്നിത്തല വിമത പ്രവർത്തനങ്ങളൊന്നും നടത്തില്ലെന്നും തനിക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങൾ ഉണ്ടായപ്പോൾപോലും പാർടിയുടെ നയങ്ങളും അച്ചടക്കവും പാലിച്ച് പ്രവർത്തിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളതെന്നമാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറയുന്നത്