തിരുവനന്തപുരം:യു.ഡി.എഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗ്യാരണ്ടികളും നടപ്പാക്കുമെന്നും കേരളത്തെ ദക്ഷിണേന്ത്യയിലെ  ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭയില്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. 

രണ്ട് ഗ്യാരണ്ടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മറ്റുള്ളവ സാമ്പത്തിക കാര്യങ്ങള്‍ പരിശോധിച്ച  ശേഷം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിനെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്‌നര്‍ ടെര്‍മിനലിനെയും 17 മിനി തുറമുഖങ്ങളേയും ഏകോപിപ്പിച്ച് വലിയൊരു പദ്ധതിക്ക് രൂപം കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

10000 ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് സഹായം നല്‍കും. ബജറ്റില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകും. ഉന്നത വിദ്യാഭ്യാസ മേഖലയെ ആധുനികവത്കരിക്കും. ലഹരിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലഹരിമരുന്ന് ശൃംഖലയെ തകര്‍ക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.