തലശ്ശേരി: മേൽക്കൂരയിൽ നിന്ന് ഉടുമ്പ് ദേഹത്ത് വീണ് ഗൃഹനാഥയ്ക്ക് പരിക്ക്. ഓടിട്ട മേൽക്കൂരയ്ക്ക് താഴെ ഹാർഡ്ബോർഡ് കൊണ്ട് തീർത്ത സീലിങ് തകർത്താണ് ഉടുമ്പ് താഴേക്ക് പതിച്ചത്.

മഞ്ഞോടിയിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന പുല്ലമ്പിൽ വലിയപുരയിൽ ജാനകി (85) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം.

കഴുത്തിനാണ് പരിക്ക്. കട്ടിലിന് മുകളിൽ കെട്ടിയ കൊതുകുവലയിലേക്ക് വീണതിനാലാണ് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വീടിന്റെ മേൽക്കൂരയിൽ രണ്ട് ഉടുമ്പുകളുണ്ടായിരുന്നെന്നും അതിലൊന്നാണ് താഴേക്ക് പതിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.

പരിക്കേറ്റ വയോധിക ഭയന്നുപോയി. വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ജാനകിയെ ബന്ധുവീട്ടിലേക്ക് മാറ്റി. ഉടുമ്പുകൾ വീട്ടിൽ തന്നെ തുടരുകയാണെന്നും വിവരം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.