കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് സ്കൂട്ടറും മൊബൈൽ ഫോണും പഴ്സും കവർന്ന പ്രതികൾ പിടിയിൽ. അരക്കിണർ സ്വദേശികളായ ഗ്രീൻവില്ല അപ്പാർട്ട്മെന്റ് ചെറിയ ഒറ്റയിൽ വീട്ടിൽ ജംഷീൽ എന്ന ഇഞ്ചീൽ (39), പറമ്പിൽബസാർ സ്വദേശി സനൂജ് മഹൽ പുറത്തോളി വീട്ടിൽ ഷാബാസ് (18) എന്നിവരെയാണ് പിടികൂടിയത്.
വ്യാഴാഴ്ച പുലർച്ച അരക്കിണർ ന്യൂ സ്റ്റാർ ഹോട്ടലിന് സമീപം സബീന റോഡിൽ വെച്ച് അരക്കിണർ സ്വദേശിയായ 18-കാരനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.
ഫറോക്ക് എ.സി.പി പ്രേംജിത്തിന്റെ മേൽനോട്ടത്തിൽ ഫറോക്ക് സ്ക്വാഡ്, ബേപ്പൂർ പൊലീസ്, ജില്ലാ പൊലീസ് സ്ക്വാഡ് എന്നിവരുടെ സംയുക്ത അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മണിക്കൂറുകൾക്കകം പ്രതികളെ മാത്തറയിൽ നിന്ന് പിടികൂടിയത്.
പിടിയിലായ ജംഷീലിന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകളുണ്ട്. പ്രതികൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു.