കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് കുഞ്ഞിന്റെ പാത്രം എടുത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയെ സ്റ്റീൽ പാത്രം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.
ആക്കൽ വലിയപറമ്പത്ത് വീട്ടിൽ ജിനീഷിനെതിരെയാണ് കേസ് എടുത്തത്. ഇയാളുടെ ഭാര്യ പ്രിയ (40) നൽകിയ പരാതിയിലാണ് പോലീസ് നടപടി. ജൂലൈ 26-ന് രാവിലെ 10.30-ഓടെ പ്രിയയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. മകളുടെ കുഞ്ഞിന്റെ പാത്രം എടുത്തത് പ്രിയ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം.
ഇതിലുണ്ടായ ദേഷ്യത്തിൽ ജിനീഷ് കയ്യിലുണ്ടായിരുന്ന സ്റ്റീൽ പാത്രം കൊണ്ട് പ്രിയയുടെ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ പ്രിയയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. പ്രിയയുടെ പരാതിയിൽ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.