പേരാമ്പ്ര: പേരാമ്പ്ര ബഡ്‌സ് സ്‌കൂളിലെ അധ്യാപികയേയും ആയയേയും നിയമവിരുദ്ധമായി പിരിച്ചുവിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചുള്ള സി.പി.ഐ.എമ്മിന്റെ പഞ്ചായത്ത് ഓഫീസ് ഉപരോധം സംഘര്‍ഷത്തിന് വഴിവെച്ചു. പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിലേക്ക് മാറ്റുകയാണ്.

ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ച 2015 മുതല്‍ ജോലി ചെയ്യുന്ന അധ്യാപികയേയും നാലുവര്‍ഷമായി ജോലിചെയ്യുന്ന ആയയേയും നോട്ടീസുപോലും നല്‍കാതെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്താനുള്ള നീക്കമാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.

ഇന്നലെ പുതിയ നിയമനത്തിനായി അഭിമുഖം നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ സി.പി.എം പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസില്‍ പ്രതിഷേധവുമായെത്തിയതോടെ അഭിമുഖം നിര്‍ത്തിവെച്ചിരുന്നു. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍പോലും ചര്‍ച്ച ചെയ്യാതെയാണ് പുതിയ നിയമനത്തിനുള്ള നീക്കം.

കഴിഞ്ഞ 12 വര്‍ഷക്കാലമായി ബഡ്‌സ് സ്‌കൂളില്‍ ജോലി ചെയ്യുന്നവരാണ് ഇപ്പോള്‍ പിരിച്ചുവിട്ട അധ്യാപിക. ഈ അധ്യാപികയും കുട്ടികളും തമ്മില്‍ മാനസസികമായി നല്ല അടുപ്പമുണ്ട്. അധ്യാപികയെ പെട്ടെന്ന് മാറ്റുന്ന നീക്കത്തിനെതിരെ രക്ഷിതാക്കളും രംഗത്തുവന്നിട്ടുണ്ട്. രക്ഷിതാക്കളുടെ ആശങ്കകൂടി പരിഗണിച്ചാണ് അവര്‍ക്കൊപ്പം പ്രതിഷേധവുമായി രംഗത്തുവന്നതെന്ന് സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞു. ഒരു കാരണവശാലും അധ്യാപികയെയും ആയയേയും പിരിച്ചുവിടാനുള്ള നടപടി അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.