കോഴിക്കോട് : മാങ്ങ പറിക്കുന്നതിനിടെ വീടിന്റെ മുകളിൽനിന്ന് ഗേറ്റിലേക്ക് വീണ വിദ്യാർഥിയുടെ കഴുത്തിൽ കമ്പി തുളഞ്ഞുകയറി. മലപ്പുറം പുളിക്കൽ എയർപോർട്ട് റോഡിൽ സിയാംകണ്ടം പാലശ്ശേരി പറമ്പിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസി (15)നെയാണ്‌ കഴുത്തിൽ കമ്പി കയറിയ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

ഇന്നലെ ഉച്ചയോടെയാണ്‌ സംഭവം. വീടിന്റെ മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ഗേറ്റിലേക്ക്‌ തെന്നി വീഴുകയായിരുന്നു. ഗേറ്റിന്റെ മുകളിൽ പിടിപ്പിച്ച ശൂലം പോലെയുള്ള കമ്പി കഴുത്തിൽ തുളഞ്ഞുകയറി മറുപുറം കടന്നു.

ഗേറ്റിൽ തൂങ്ങിക്കിടന്ന സിയാദിനെ അതുവഴി വന്ന ആളുകൾ താങ്ങിപ്പിടിച്ചു. ആംബുലൻസ് കൊണ്ടുവന്ന് സ്‌ട്രെച്ചറിൽ താങ്ങിനിർത്തി ഗെയ്റ്റിന്റെ പകുതിഭാഗം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽലെത്തിച്ചു. ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം എത്തി ഗ്രൈൻഡർ ഉപയോഗിച്ച് കഴുത്തിലുണ്ടായിരുന്ന കമ്പിയുടെ ബാക്കി ഭാഗങ്ങൾ മുറിച്ചുമാറ്റി. കമ്പിയുടെ ബാക്കിഭാഗം നീക്കം ചെയ്യാൻ ശസ്ത്രക്രിയ ആരംഭിച്ചു.