പൊന്നാനി: ആർഭാട ജീവിതം നയിക്കാനും വിനോദയാത്രകൾക്കുമായി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച ആറംഗ യുവാക്കളുടെ സംഘം പൊന്നാനി പൊലീസിന്‍റെ പിടിയിൽ. പൊന്നാനി 'അമ്മയും കുഞ്ഞും' ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നടന്ന വൻ മോഷണവുമായി ബന്ധപ്പെട്ടാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്പിറ്റൽ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന മോട്ടോർ പമ്പ് സെറ്റ്, കമ്പ്യൂട്ടർ മോണിറ്ററുകൾ, കീബോർഡുകൾ, ഇരുമ്പ് കമ്പികൾ, എട്ടോളം ബാറ്ററികൾ തുടങ്ങി മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന വിവിധ ഉപകരണങ്ങളാണ് പ്രതികൾ കവർന്നത്.
പലപ്പോഴായി രാത്രി സമയങ്ങളിൽ സ്കൂട്ടറുകളിലെത്തിയാണ് ഇവർ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച സാധനങ്ങൾ പിന്നീട് ആക്രിക്കടകളിൽ വളരെ നിസ്സാരമായ വിലയ്ക്ക് ഇവർ വിൽക്കുകയായിരുന്നു. ഇങ്ങനെ കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് വിനോദയാത്രകൾ നടത്താനും മറ്റുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു