തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ തീരുമാനമെടുത്തു. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കേസ് സിബിഐക്ക് വിടാൻ ഔദ്യോഗികമായി തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ തന്നെ സർക്കാർ പുറത്തിറക്കും.
കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്ന് നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവും മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടും ആവശ്യപ്പെട്ടിരുന്നു. നിലവിലെ പൊലീസ് റിപ്പോർട്ടുകളിൽ നിരവധി അപാകതകൾ ഉണ്ടെന്നും, ഗൂഢാലോചനയെക്കുറിച്ച് കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ മാത്രം പ്രതി ചേർത്തുള്ള നിലവിലെ അന്വേഷണത്തിൽ നിർണായകമായ പല വിവരങ്ങളും മറച്ചുവെക്കപ്പെട്ടതായി കുടുംബം സംശയിക്കുന്നുണ്ട്. വിജ്ഞാപനം വരുന്നതോടെ കേസിന്റെ തുടർനടപടികൾ പൂർണമായും സിബിഐ ഏറ്റെടുക്കും. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം സിബിഐക്ക് വിടുന്ന ആദ്യത്തെ സുപ്രധാന കേസാണിത്.
അതേസമയം, നവീൻ ബാബു കേസ് സിബിഐക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ സിപിഎം രംഗത്തെത്തിയിട്ടുണ്ട്.