തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി (സിഇഒ) ഡോ. എ. കൗശിഗനെ നിയമിച്ചു. മുൻ സിഇഒ ഡോ. രത്തൻ യു. കേൽക്കർ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറിയായി നിയമിതനായതോടെയാണ് പുതിയ നിയമനം.

2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ എ. കൗശിഗൻ. നാല് പേരുടെ പട്ടിക നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഡോ. വീണ എൻ. മാധവൻ, ഡോ. കെ. വാസുകി, ടി.വി അനുപമ എന്നിവരായിരുന്നു മറ്റുള്ളവർ. ഇതിൽ നിന്നാണ് ഡോ എ. കൗശിഗനെ തിരഞ്ഞെടുത്തത്.

തമിഴ്നാട് സ്വദേശിയായ കൗശിഗൻ നിലവിൽ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. നേരത്തെ തൃശൂർ ജില്ലാ കലക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്.