കോഴിക്കോട്: കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി ആരോത്ത് വീട്ടില്‍ മുഹമ്മദ് മിഖ്ദാദ് അബൂബക്കര്‍ എന്ന മിക്കു (33 വയസ്സ്), ചേളന്നൂര്‍ കണ്ണങ്കര സ്വദേശി പള്ളിയറ പൊയില്‍ വീട്ടില്‍ ജാഫര്‍ സാദിഖ്.യു.എം എന്നിവരാണ് അറസ്റ്റിലായത്.

എ.ജി.ഒ ക്വേര്‍ട്ടേഴ്‌സിന് സമീപത്ത് നിന്നും വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. കുന്ദമംഗലം ഭാഗത്ത് നിന്നും പ്രതികള്‍ ഓടിച്ചുവന്ന KL 65 X 5360 നമ്പര്‍ ബൊലേറോ കാര്‍ നിര്‍ത്തിച്ച് പരിശോധിച്ചതില്‍ കാറിലെ ഗിയര്‍ ലിവറിന് സമീപം സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. 71.170 ഗ്രാം തൂക്കംവരും.

സിറ്റി നാര്‍ക്കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും വാടകയ്ക്കും പണയത്തിനും മറ്റും ആഢംബര കാറുകള്‍ എടുത്ത് ബാംഗ്ലൂരില്‍ നിന്നും സ്ഥിരമായി എം.ഡി.എം.എ എത്തിച്ച് വില്‍പ്പന നടത്തുന്ന മുഹമ്മദ് മിഖ്ദാദ് അബൂബക്കര്‍. ഓരോ പ്രാവശ്യം മയക്കുമരുന്ന് വാങ്ങിയ്ക്കാന്‍ പോകുമ്പോഴും പല പല ആളുകളെയാണ് കൂടെ കൂട്ടിയിരുന്നത്. ചില സമയങ്ങളില്‍ പ്രതി ഒറ്റയ്ക്കും ബാംഗ്ലൂരില്‍ പോയി എം.ഡി.എം.എ വാങ്ങി വില്‍പ്പന നടത്തിയിരുന്നു.

ഇയാള്‍ പ്രധാനമായും മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത് ഹൈലൈറ്റ് മാള്‍ കേന്ദ്രീകരിച്ചും, തൊണ്ടയാട് ബൈപ്പാസ് ജംഗ്ഷന് സമീപത്തുള്ള വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുമാണ്. കോഴിക്കോട് സിറ്റി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരില്‍ എറ്റവും പ്രധാനിയാണെന്നും, ഇയാളുടെ കീഴില്‍ ഒരു മയക്കുമരുന്ന് ഗാങ് പ്രവര്‍ത്തിക്കുണ്ടെന്നും, അവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

പ്രതികളുടെ ഫോണുകളും, ബാങ്ക് അക്കൗണ്ടുകളും ചേവായൂര്‍ പോലീസ് പരിശോധിച്ചു വരികയാണെന്നും, പ്രതികള്‍ ആരില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും, ആര്‍ക്കെല്ലാമാണ് വില്‍ക്കുന്നതെന്നും നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, സീനിയിര്‍ സിവില്‍ പോലീസ് ഓഫീസര്‍ റിനേഷ്, സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ഫസല്‍, സിറ്റി ഡാന്‍സാഫ് അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അഖിലേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലതീഷ്, സരുണ്‍, ഷിനോജ്, അബിജിത്ത്, തൗഫീഖ് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.