ആലപ്പുഴ:നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കനത്ത തിരിച്ചടി. പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി നിരാകരിച്ചു. പ്രതികൾ ഒളിവിൽ അല്ലെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി തള്ളുകയായിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും.

ക്രിമിനൽ കുറ്റകൃത്യം രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളുടെ അറസ്റ്റ് തടയാൻ ജില്ലാ സെഷൻസ് കോടതിക്ക് നിയമപരമായ അവകാശമില്ലെന്ന് ജഡ്ജി ഹണി എം. വർഗീസ് വ്യക്തമാക്കി. വധശ്രമത്തിനുള്ള ഐപിസി 308 (വധശ്രമം) പ്രകാരം ജാമ്യമില്ലാ വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അതിനാൽ തന്നെ വാറണ്ടില്ലാതെ എപ്പോൾ വേണമെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് സാധിക്കും.

കേസിലെ പ്രധാന പ്രതികളായ അനിൽ കല്ലിയൂർ, സന്ദീപ്, ഷൈജു, അരുൺ, വിപിൻ എന്നിവർ നിലവിൽ ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ. ഇവരുടെ മൊബൈൽ ഫോണുകൾ എല്ലാം നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികൾക്കായി പൊലിസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

2023 ഡിസംബറിലാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഈ സംഭവം നടക്കുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വലിയ ജനരോഷമുയർന്ന സംഭവത്തിൽ ഗൺമാൻ അനിൽ, എസ്കോർട്ട് പൊലിസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ കഴിഞ്ഞ ദിവസം സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.